22 June Tuesday
ഇന്ന് ലോക നേഴ്‌സസ് ദിനം

ഈ പോരാട്ടത്തിൽ 
തോറ്റുമടങ്ങില്ല

ശരത്‌ കൽപ്പാത്തിUpdated: Wednesday May 12, 2021

കോവിഡ് വാർഡിൽ ജോലിചെയ്യുന്ന നേഴ്‌സുമാർ

 
പാലക്കാട്
‘ഒന്നല്ല, നൂറിലേറെപ്പേരാണ് ജീവിതത്തിലേക്ക്‌ മടക്കം ആഗ്രഹിച്ച്‌ ഐസിയുവിൽ കിടക്കുന്നത്. അവരുടെ പ്രതീക്ഷ മുഴുവൻ ഞങ്ങളിലാണ്‌. പുറത്ത് ബന്ധുക്കളും അവരുടെ രോഗശാന്തിക്ക്‌ കാത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ എങ്ങനെ ഞങ്ങൾക്ക് ഈ പോരാട്ടത്തിൽനിന്ന് മടങ്ങാനാകും.’ ജില്ലാ ആശുപത്രിയിലെ കോവിഡ് ഐസിയുവിലെ നേഴ്‌സിങ് ഓഫീസർ സിസ്‌റ്റർ ദിവ്യ തോമസ് പറയുന്നു. 
ഒരു നേഴ്‌സസ് ദിനംകൂടി കടന്നുപോകുമ്പോൾ അതിജീവനത്തിന്റെ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി ഈ നേഴ്‌സുമാരുണ്ട്‌.  
ബുദ്ധിമുട്ടുകളും ദുരിതങ്ങളും മറന്ന് മാനവരാശിയുടെ ക്ഷേമത്തിന്‌ പ്രവർത്തിക്കുകയാണിവർ. സ്വന്തം ജീവിതം പണയംവച്ചാണ് മുന്നിലുള്ള രോഗിയെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കുന്നത്. ഇക്കാലയളവിൽ നിരവധി നേഴ്‌സുമാർ കോവിഡ് ബാധിതരായി. 
രോഗം ഭേദമായാൽ തിരികെയെത്തി വീണ്ടും കോവിഡ് ജോലിയിലേർപ്പെടും. മണിക്കൂറുകളോളം പേഴ്‌സണൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റ് കിറ്റ്‌ (പിപിഇ കിറ്റ്‌) ധരിച്ചുവേണം ജോലി ചെയ്യാൻ. മാനസികമായും ശാരീരികമായും സമർദങ്ങളേറെയാണ് കോവിഡ് ഡ്യൂട്ടിയിൽ. മണിക്കൂറുകൾ പിപിഇ കിറ്റ് അണിഞ്ഞ് ക്ഷീണിച്ചുവീഴുന്ന സഹപ്രവർത്തകരെ നേരിൽ കണ്ടിട്ടുണ്ട്. സർക്കാരും ആരോഗ്യ സംവിധാനങ്ങളും ഈ പോരാട്ടത്തിലുണ്ട്. ‘സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് നേഴ്‌സുമാരുടെ ബല’മെന്ന് കോവിഡ് വാർഡിൽ ജോലി ചെയ്യുന്ന നേഴ്‌സിങ് ഓഫീസർ ടിന്റു കുര്യൻ പറയുന്നു. 
കൺട്രോൾ റൂമിൽനിന്നുള്ള വിവരമനുസരിച്ചാണ്‌ രോഗിയെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്‌. 108 ആംബുലൻസിലെത്തുന്ന രോഗികളെ ഉടൻ വാർഡിലെ ബെഡിലേക്ക് മാറ്റി ശുശ്രൂഷ നൽകും. സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ ആരംഭിച്ചതോടെ ഈ മേഖലയിലുള്ള നേഴ്സുമാരും പോരാട്ടത്തിൽ അണിചേർന്നു. ജില്ലയിൽ സർക്കാർ ആശുപത്രി, സിഎഫ്എൽടിസി, സിഎസ്എൽടിസി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രണ്ടായിരത്തോളം നേഴ്സുമാരുണ്ട്. 
മുൻവർഷത്തെപ്പോലെ സർക്കാരിനൊപ്പം കൈകോർക്കാൻ മുഴുവൻ ശമ്പളമോ ഒരു വിഹിതമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയവരാണ് ഭൂരിഭാഗം പേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top