27 June Thursday

ശുചീകരണത്തിൽ മുഖംതിരിച്ച് പാലക്കാട‌് നഗരസഭ

സ്വന്തം ലേഖകൻUpdated: Sunday May 12, 2019
പാലക്കാട് 
കേരളത്തിൽ ഏറ്റവും കൂടുതൽ മാലിന്യം നിറഞ്ഞൊഴുകുന്ന പാലക്കാട‌് നഗരസഭയിൽ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ‌്ത ശുചീകരണയജ്ഞത്തോട‌് മുഖം തിരിച്ച‌് ഭരണസമിതി. നാടെങ്ങും മഴക്കാലപൂർവ ശുചീകരണം ജനകീയമായി ഏറ്റെടുത്തു നടത്തുമ്പോൾ ബിജെപി നേതൃത്വത്തിലുള്ള പാലക്കാട് നഗരസഭയിൽ മാത്രം ഭരണസമിതി അനങ്ങിയില്ല. സർക്കാർ നിർദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ചിലയിടങ്ങളിൽ ശുചീകരണം ചടങ്ങിലൊതുക്കി. നഗരം 75 ദിവസത്തെ  ദുരിതത്തിൽനിന്ന് കരകയറി വരുമ്പോഴാണ് മുനിസിപ്പൽ ഭരണനേതൃത്വം പ്രവർത്തനത്തെ പിന്നോട്ടടിച്ചത്. അമ്പത്തിരണ്ട‌് വാർഡുകളിലും അഴുക്കുചാലുകളും ജലാശയങ്ങളും പൊതുനിരത്തുമെല്ലാം ഇപ്പോഴും മാലിന്യത്തിന്റെ പിടിയിൽ തന്നെയാണ്. മന്ത്രിമാരുടെ അധ്യക്ഷതയിലെടുത്ത തീരുമാനപ്രകാരമുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള മാലിന്യനീക്കം മാത്രമാണ് നടക്കുന്നത്. നൂറുകണക്കിന് ടൺ മാലിന്യമാണ് വഴിയരികിൽ കിടക്കുന്നത്. നാപ്കിൻ മുതൽ പച്ചക്കറിമാലിന്യം വരെയുണ്ട്. മഴപെയ്താൽ ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും പൊട്ടിപ്പുറപ്പെടാൻ ഇതുമതി. അയൽ പഞ്ചായത്തുകളിൽ മഴക്കാലപൂർവ ശുചീകരണയജ്ഞം നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു. 
രണ്ട‌് ദിവസത്തെ ശുചീകരണ യജ്ഞത്തിനാണ‌് സംസ്ഥാന സർക്കാർ ആഹ്വാനം ചെയ‌്തത‌്. നഗരസഭാ ഭരണസമിതി ഇതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ല. തൊഴിലാളികളില്ലെന്ന കാരണം പറഞ്ഞാണ് നഗരത്തിൽ ശുചീകരണം മുടങ്ങിയത്. എന്നാൽ ജനങ്ങളെ സഹകരിപ്പിച്ചും സന്നദ്ധ സംഘടനകളുടെ സഹായം തേടിയും തികച്ചും സാമൂഹ്യസേവന തൽപ്പരതയോടെ നടത്താനാണ‌് സർക്കാർ ആഹ്വാനം. അതിനായി ഒരു ചുവടുപോലും മുന്നോട്ട‌ുപോകാൻ ബിജെപി ഭരണസമിതി തയ്യാറായില്ല. എന്നാൽ തൊഴിലാളികളെ വിന്യസിക്കുന്നതിലും ക്രമക്കേട‌് നടന്നു. ആറ‌് ഡിവിഷനുകളിലേക്കും ഒരേസമയം പ്രവർത്തിക്കാൻ തൊഴിലാളികളുടെ എണ്ണം കുറവാണ്. ദിവസവേതന തൊഴിലാളികളുടെ ലിസ്റ്റ് അട്ടിമറിക്കാനുള്ള പ്രവർത്തനം ബിജെപിയുടെ തൊഴിലാളിസംഘടന നടത്തുന്നതാണ് പ്രതിസന്ധിക്കു കാരണം. തെരെഞ്ഞെടുപ്പിനു മുമ്പുതന്നെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ പലകാരണങ്ങൾ ചൂണ്ടിക്കാട്ടി നീട്ടുകയാണുണ്ടായത്. കഴിഞ്ഞവർഷവും ഇതേ രീതിയിൽ ശുചീകരണപ്രവൃത്തി അട്ടിമറിച്ചു. സംസ്ഥാന സർക്കാർ പറയുന്നതിന് കടകവിരുദ്ധമായാണ് പാലക്കാട് നഗരസഭാ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത‌്. സ്വച്ഛ് സർവേക്ഷൺ എന്ന പേരിൽ മൊബൈൽ ആപ‌് വഴി ജനങ്ങളെ കബളിപ്പിച്ചു. ശുചീകരണത്തൊഴിലാളികളെ ഇതിനായി ഉപയോഗിച്ചു. മഴക്കാലത്ത് നഗരവാസികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതത്തിന‌് നഗരസഭ ഉത്തരം പറയേണ്ടി വരും.
പ്രധാന വാർത്തകൾ
 Top