03 March Wednesday
വാളയാർ കേസ്‌

സിബിഐ അന്വേഷണം സ്വാഗതാർഹം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

 

 
പാലക്കാട്‌
വാളയാറിൽ രണ്ട്‌ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന കുട്ടികളുടെ അമ്മയുടെ ആവശ്യമാണ്‌ സർക്കാർ കൈക്കൊണ്ടതെന്നും അത്‌ സ്വാഗതാർഹമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു. 
കേസിൽ ആരെയും സംരക്ഷിക്കേണ്ട‌ ബാധ്യത സംസ്ഥാന സർക്കാരിനോ, പാർടിക്കോ ഇല്ലെന്ന്‌ തുടക്കംമുതൽ വ്യക്തമാക്കിയതാണ്‌. വിചാരണ കോടതി പ്രതികളെ വെറുതെവിട്ടപ്പോൾ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടുന്ന ഏത്‌ അന്വേഷണത്തിനും സർക്കാർ സന്നദ്ധമാണെന്ന്‌ അവർക്ക്‌ ഉറപ്പും നൽകിയിരുന്നു. 
സിബിഐക്ക്‌ വിട്ട നടപടിയോടെ സർക്കാരിന്‌ ചാഞ്ചാട്ടമില്ലെന്ന്‌ വ്യക്തമായി. ഇരകൾക്ക്‌ നീതി ലഭിക്കണമെന്നുതന്നെയാണ്‌ പാർടിയുടെ  നിലപാട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഇത്തരം കേസുകളിൽ സ്വീകരിച്ച സമീപനമല്ല എൽഡിഎഫ്‌ സർക്കാരിന്റേത്‌ എന്നതിന്റെ തെളിവുകൂടിയാണ്‌ ഈ കേസിലെ സർക്കാർ നടപടി. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കുട്ടികളുടെ അമ്മയോടൊപ്പം സർക്കാരും രംഗത്തുവന്നു. 
കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്ന ഏത്‌ അന്വേഷണത്തിനും സർക്കാർ സന്നദ്ധമാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ അമ്മയ്‌ക്ക്‌ ഇക്കാര്യത്തിൽ ഉറപ്പും‌ നൽകിയിരുന്നു. 
വിചാരണ കോടതിയിൽ കേസ്‌ നടത്തുന്നതിൽ പ്രോസിക്യൂഷന്‌ വീഴ്‌ചപറ്റിയെന്ന പരാമർശമുണ്ടായതോടെ അത്‌ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെയും സർക്കാർ നിയോഗിച്ചു. 
ഒരു കാരണത്താലും പ്രതികൾ രക്ഷപ്പെടരുത്‌ എന്ന ദൃഢനിശ്‌ചയമാണ്‌ സർക്കാരിന്റേത്‌ എന്നതിന്റെ തെളിവുകൂടിയാണിതെല്ലാം. ഇപ്പോൾ സിബിഐക്ക്‌ വിട്ട സാഹചര്യത്തിൽ അന്വേഷണം വേഗം പൂർത്തിയാക്കി എത്രയും പെട്ടെന്ന്‌ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സി കെ രാജേന്ദ്രൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top