19 March Tuesday
പട്ടഞ്ചേരി ഗവ. ഹൈസ്കൂള്‍ ശതാബ്ദിയാഘോഷം

വിദ്യാഭ്യാസ നിലവാരം അന്താരാഷ്‌ട്ര തലത്തിലേക്ക്‌ ഉയർത്തും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

പട്ടഞ്ചേരി ഗവ. ഹൈസ്‌കൂൾ ശദാബ്ദി ആഘോഷം മന്ത്രി സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ചിറ്റൂർ
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയങ്ങളിൽ നടക്കുന്നതെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പട്ടഞ്ചേരി ഗവ. ഹൈസ‌്കൂളിന്റെ ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
അടുത്ത അധ്യയനവർഷാരംഭത്തിനുമുമ്പ് പട്ടഞ്ചേരി സ‌്കൂളിലെ എൽപി, യുപി ഉൾപ്പെടെ എല്ലാ ക്ലാസുകളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി സ‌്കൂൾ നവീകരണത്തിന് ഒരു കോടി 35ലക്ഷംരൂപ സർക്കാർ അനുവദിച്ചതായും കൂടുതൽ സഹായം ആവശ്യമെങ്കിൽ നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 
വിദ്യാഭ്യാസ ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും പഠനത്തിൽ മികവ് പുലർത്തേണ്ടത് വിദ്യാർഥികളാണെന്നും മന്ത്രി വിദ്യാർഥികളോടായി പറഞ്ഞു. സ‌്കൂളിലെ പാഠ്യ–-പാഠ്യേതരവിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ‌്തു. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. പി കെ ബിജു എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് കെ ശാന്തകുമാരി എന്നിവർ മുഖ്യാതിഥികളായി. 
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ‌്, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  വി മുരുകദാസ്, ശിൽപ്പ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സജിത, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top