17 September Tuesday

‘പുലിക്കാഴ്ച’ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

പുലികളി ചമയ പ്രദർശനം ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, ചീഫ്‌വിപ്പ്  കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, മേയർ അജിത വിജയൻ തുടങ്ങിയവർ പ്രദർശനം കാണുന്നു

തൃശൂർ
'പുലിക്കാഴ്ച'കളുമായി പൂരനഗരിയിൽ പുലികളി ചമയപ്രദർശനത്തിന് തുടക്കമായി. തൃശൂർ ബാനർജി ക്ലബ് അങ്കണത്തിൽ ഒരുക്കിയ പ്രദർശനം മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ലോകത്തിലെതന്നെ അപൂർവ കാഴ്ചയായ തൃശൂരിന്റെ സ്വന്തം പുലികളി കൂടുതൽ ആകർഷകമാക്കാൻ വിദഗ്ധരുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. 
വിയൂർ സെന്റർ, വിയ്യൂർ ദേശം, അയ്യന്തോൾ ദേശം, തൃക്കുമാരകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ എന്നീ ആറ് പുലികളി ടീമുകളുടെ  ചമയപ്രദർശനം ഒരുക്കിയത്‌.  പുലിമുഖം, മുടി, പുലിവേഷം, വാല്, അരമണി, ചെണ്ട തുടങ്ങി വർണാഭമായ കാഴ്ചകൾ ഇവിടെ കാണാം. ആദ്യദിനത്തിൽതന്നെ വിദേശീയർ ഉൾപ്പെടെ വലിയ  ജനക്കൂട്ടം കാഴ്‌ചക്കാരായി എത്തി. നാലോണനാളിൽ നഗരത്തിലെ പുലിമടകളിൽനിന്ന് പുറത്തിറങ്ങുന്ന കരിമ്പുലി, പുള്ളിപ്പുലി, കുട്ടിപ്പുലി, സിംഹം എന്നിവയുടെ സപ്തവർണത്താൽ ഒരുക്കിയ വേഷങ്ങൾ, വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടത്തിനൊപ്പമാണ് നിരത്തിയിരിക്കുന്നത്. 
പുലികളിയുടെ ഒരോ ടീമിനും 1.50 ലക്ഷംരൂപയാണ് സർക്കാർ സഹായം നൽകുന്നത്. തൃശൂർ ബാനർജി ക്ലബ് പങ്കെടുക്കുന്ന ഒരോ ടീമിനും 3000 രൂപവീതവും വിജയികൾക്ക് സമ്മാനവും നൽകുമെന്ന് ഭാരവാഹികൾ  അറിയിച്ചു.   പ്രദർശനം വ്യാഴാഴ്ച  സമാപിക്കും. 
ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മേയർ അജിതാ വിജയൻ, കലക്ടർ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയർ റാഫി, ഡിടിപിസി സെക്രട്ടറി കവിത, എം എസ് സമ്പൂർണ, ജോൺ ഡാനിയൽ, പി സുകുമാരൻ, അനൂപ് ഡേവിസ് കാട, ജോസ് ആലുക്ക, ഇഗ്നി മാത്യു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top