പാലക്കാട്
ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമിനാഥൻ, എ വി കുട്ടിമാളു അമ്മ, ജി സുശീല. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട സ്‌ത്രീരത്നങ്ങൾ. ബ്രിട്ടീഷ് സർവാധിപത്യത്തിനെതിരെ പോരാട്ടം നയിച്ച ധീരവനിതകൾ. ആനക്കര വടക്കത്ത് തറവാടിനെ മാറ്റി നിർത്തി ഇന്ത്യക്കൊരു സ്വാതന്ത്ര്യസമര ചരിത്രമില്ല.
നാടിന്റെ സ്വാതന്ത്യ്രത്തിനായി ആയിരങ്ങൾ ജീവൻ വെടിഞ്ഞ പോരാട്ടങ്ങൾ, സഹനസമരങ്ങൾ.... അങ്ങനെ ഓർമകളുടെ വലിയ തുരുത്താണ് ഈ തറവാട്. തറവാടിന്റെ പൂമുഖത്ത് തൂങ്ങുന്ന ചിത്രങ്ങൾ നമ്മിൽ ചരിത്രമുണർത്തും.
തറവാട്ടിലെ അവസാനപോരാളി ജി സുശീല കഴിഞ്ഞവർഷമാണ് നൂറാംവയസ്സിൽ മരിച്ചത്.
ഇന്ത്യൻ സ്വാതന്ത്യ്രസമര ചരിത്രത്തിലെ ‘പെൺസിംഹം’ എന്നറിയപ്പെടുന്ന ക്യാപ്റ്റൻ ലക്ഷ്മിയുടെ ജന്മഗൃഹമാണ് വടക്കത്ത് തറവാട്. ഐഎൻഎ വനിത റെജിമെന്റിന്റെ ക്യാപ്റ്റനായി സ്വാതന്ത്യ്രസമര ചരിത്രത്തിൽ ധീരതയുടെ പെൺരൂപമായി സ്വയം അടയാളപ്പെടുത്തിയ ക്യാപ്റ്റൻ ലക്ഷ്മി. 1998ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചു. സഹോദരി മൃണാളിനി സാരാഭായിയും മകൾ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും നാടറിയുന്നവർ .
തറവാട്ടിലെ അവസാന സ്വാതന്ത്ര്യസമര സേനാനി ജി സുശീല സ്വാതന്ത്ര്യസമരത്തിന്റ ഭാഗമായി നടന്ന പ്രകടനത്തിൽ പങ്കെടുത്തതിന് മൂന്നുമാസം ജയിൽവാസം അനുഭവിച്ചു. കോൺഗ്രസിന്റെ മഹിളാവിഭാഗം ദേശീയ സെക്രട്ടറി ആയിരുന്നു.
ദുരിതം പേറുന്ന സ്ത്രീകളുടെ വഴികാട്ടിയായിരുന്നു വടക്കത്ത് തറവാട്ടിലെ അമ്മു സ്വാമിനാഥൻ. ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ അമ്മകൂടിയായ അമ്മു സ്വാമിനാഥൻ മഹാത്മാഗാന്ധിയുടെ പാത പിന്തുടർന്നാണ് സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിലേക്ക് എത്തിയത്. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികൂടിയായിരുന്നു. ഭരണഘടന നിർമാണസഭയിൽ അംഗമായിരുന്ന അവർ രാജ്യസഭാ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എ വി കുട്ടിമാളു അമ്മ സ്വാതന്ത്യ്രസമരത്തിന്റെ തീച്ചൂളയിലേക്കാണ് പിറന്നു വീണത്. അച്ഛനും അമ്മയും പകർന്നു നൽകിയ ആത്മവിശ്വാസമാണ് അവരെ പോരാളിയാക്കിത്. തുടർന്ന് ഭർത്താവ് കോഴിപ്പുറത്ത് മാധവമേനോനൊപ്പം സ്വാതന്ത്യ്രസമര പോരാട്ടങ്ങളിൽ കൈകോർത്തു. അമ്മു സ്വാമിനാഥന്റെ സഹോദരീപുത്രിയാണ്. ഖാദി വസ്‌ത്രങ്ങളുടെ പ്രചാരകയായിരുന്നു. പോരാട്ടങ്ങളിൽ അണിചേർന്ന് 56 ദിവസംമാത്രം പ്രായമുള്ള മകൾ മീനാക്ഷിയുമായി ഒന്നരവർഷം ജയിൽവാസം അനുഭവിച്ചു. ഗാന്ധിജി, നെഹ്റു, ഇന്ദിരാഗാന്ധി എന്നിവർക്കൊപ്പം തോളോടുതോൾ ചേർന്നായിരുന്നു പ്രവർത്തനം.
ലോകമാകെ പരന്നുകിടക്കുകയാണ് ആയിരത്തി അഞ്ഞൂറോളം പേരുള്ള ഈ തറവാട്ടിലെ കുടുംബാംഗങ്ങൾ. സുശീലാമ്മ മരിച്ചതോടെ 125 വർഷം പഴക്കമുള്ള വടക്കത്ത് തറവാട്ടിൽ ഇപ്പോൾ താമസക്കാരില്ലാതായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..