11 August Tuesday

മാലിന്യമൊഴുകുന്നു മഴയിൽ അഴുകി പാലക്കാട്‌ നഗരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയത്തിന്‌ പിറകിലെ റോഡിൽ കൂട്ടിയിട്ട മാലിന്യം

 

പാലക്കാട് 
മാലിന്യക്കൂമ്പാരങ്ങളിൽ നിന്നുള്ള പകർച്ചവ്യാധി ഭീതിയിലാണ്‌ പാലക്കാട്‌ നഗരം.   നഗരസഭാപരിധിയിലെ മിക്കയിടങ്ങളിലും മാലിന്യക്കൂനകൾ നിറഞ്ഞു. മഴക്കാലപൂർവ ശുചീകരണം തുടക്കത്തിലേ പാളിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. ജില്ലാ ആശുപത്രിക്ക് 50 മീറ്റർ ചുറ്റളവിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം കെട്ടിക്കിടപ്പുണ്ട്. നഗരസഭാവളപ്പിലും സ്ഥിതി ഇതുതന്നെ. 
പനിയും മറ്റ് പകർച്ചവ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം വർധിക്കുമ്പോഴും പാലക്കാട് നഗരസഭ ശുചീകരണപ്രവർത്തനങ്ങളിൽ തുടർച്ചയായി വീഴ്ച വരുത്തുന്നു. ശംഖുവാരത്തോട്, കൽപ്പാത്തി, ശേഖരീപുരം, മാട്ടുമന്ത എന്നിവിടങ്ങളിൽ മാലിന്യം അഴുകിയ നിലയിലാണ്. സ‌്റ്റേഡിയത്തിന‌് പിൻവശം, കോഴിക്കോട‌്–-കോയമ്പത്തൂർ റോഡ‌്, ചുണ്ണാമ്പുത്തറ മേൽപ്പാലം, ചക്കാന്തറ തുടങ്ങി നഗരത്തിന്റെ ഭാഗങ്ങളിലും ഇതേ 
അവസ്ഥതന്നെ. 
അറവുമാലിന്യം, പച്ചക്കറിമാലിന്യം, ഹോട്ടലിൽനിന്നുള്ള അവശിഷ്ടങ്ങൾ, ഉപയോഗിച്ച മാസ്‌കുകൾ, പേപ്പർഗ്ലാസുകൾ എന്നിവ ചാക്കിൽകെട്ടി തള്ളിയിട്ടുണ്ട്‌. കൽപ്പാത്തി പാലത്തിൽനിന്ന് പുഴയിലേക്കും മാലിന്യമിടുന്നു. 
ശുചിത്വമിഷൻ നഗരസഭാപരിധിയിൽ കണ്ടെത്തിയത്‌ ഇരുന്നൂറിലധികം മാലിന്യഹോട്ട്‌സ്പോട്ടുകളാണ്‌. ലക്ഷങ്ങൾ മുടക്കി നിർമിച്ച എയ‌്റോബിക് കമ്പോസ്റ്റിങ‌് പ്ലാന്റുകൾ പ്രവർത്തനരഹിതമാണ‌്. മഴ ഇല്ലാത്തപ്പോൾ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ  മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും പതിവായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top