07 August Friday

2 ദിവസത്തിനിടെ 31 പേർക്ക്‌ അതിഥിത്തൊഴിലാളികളിൽ രോഗവ്യാപനം

ടി എം സുജിത്‌Updated: Saturday Jul 11, 2020

 

 
പാലക്കാട്
മടങ്ങിയെത്തുന്ന അതിഥിത്തൊഴിലാളിക‌ൾക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌ ജില്ലയുടെ ആരോഗ്യരംഗത്തെ ആശങ്കയിലാക്കുന്നു. രണ്ട് ദിവസത്തിനിടെ 31  തൊഴിലാളികള്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു. ബുധനാഴ്‌ച 14 പേർക്കും വ്യാഴാഴ്‌ച 17 പേർക്കും രോഗം കണ്ടെത്തി.
ലോക്ക്‌ഡൗണിൽ നാടുകളിലേക്ക്‌ പോയ 561 അതിഥിത്തൊഴിലാളികൾ‌ ജില്ലയിലേക്ക്‌‌ മടങ്ങിയെത്തിയതായി തൊഴിൽവകുപ്പ്‌ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാതെ ഊടുവഴികളിലൂടെ കൂടുതൽ  തൊഴിലാളികള്‍‌ എത്തുന്നുണ്ട്‌. 
മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽക്ഷാമവും പട്ടിണിയുമാണ് കേരളത്തിലേക്ക്‌ തിരികെവരാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്‌. 
10 അസിസ്റ്റന്റ് ലേബർ ഓഫീസർമാർ മടങ്ങിയെത്തുന്നവരുടെ കണക്ക് ശേഖരിക്കുന്നുണ്ട്‌‌. തിരിച്ചെത്തിയ തൊഴിലാളികളെ കോവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. 
കഞ്ചിക്കോട്ടെ ഐഐടിയിലെ ജോലികള്‍ക്ക്‌ 433 തൊഴിലാളികള്‍ എത്തി. വണ്ടിത്താവളത്ത് 41, കണ്ണമ്പ്രയില്‍ 43, പാറ എലപ്പുള്ളിയില്‍ 23, മണ്ണാര്‍ക്കാട്ട്‌ ഏഴ്, ആലത്തൂർ റൈസ് മില്ലിലെ ജോലിക്ക്‌ 14 എന്നിങ്ങനെയാണ്‌ തിരികെയെത്തിയ അതിഥിത്തൊഴിലാളികളുടെ കണക്ക്‌. ഇവരെല്ലാം ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. 
തൊഴിലാളികൾ എത്തുന്നത് ബസുകളിൽ
കഞ്ചിക്കോട് വ്യവസായ മേഖലയിലടക്കം തൊഴിലാളി ക്ഷാമം രൂക്ഷമായതോടെയാണ് തൊഴിലാളികളെ തിരികെയെത്തിക്കാൻ കമ്പനി ഉടമകൾ ശ്രമിക്കുന്നത്.  ബസുകളിൽ അതിർത്തിയിൽ എത്തിക്കുന്നവരെ സർക്കാർ നിർദേശം ലംഘിച്ച്‌ ചെറുവാഹനങ്ങളിൽ ഊടുവഴികളിലൂടെ കടത്തുകയാണ്‌. രജിസ്റ്റർ ചെയ്‍ത് കൊണ്ടുവന്നാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നതിനാൽ രഹസ്യമായാണ് എത്തിക്കുന്നത്. 
നാട്ടിലെത്തിയ ഉടൻ ഇവർ ജോലിയിൽ പ്രവേശിക്കുന്നതും കഞ്ചിക്കോട് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
തൊഴിൽവകുപ്പിനെ അറിയിക്കണം
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ ജോലിക്ക്‌ എത്തിക്കുമ്പോൾ നിർബന്ധമായും തൊഴിൽ വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. രോഗ വ്യാപന സാധ്യതയുള്ളതിനാൽ തൊഴിൽശാലകളിൽ പരിശോധന നടത്തരുതെന്ന് ലേബർ കമീഷണർ നിർദേശം നൽകിയിട്ടുണ്ട്‌. തിരിച്ചെത്തുന്ന തൊഴിലാളികളെ നിരീക്ഷണത്തിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം 
പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top