19 June Saturday
ആനശല്യം

കാട്ടാനകളെ തുരത്താൻ കുങ്കികളെത്തും

ശരത്‌ കൽപ്പാത്തിUpdated: Friday Jun 11, 2021

ഓരോ അടിയും മുന്നോട്ട്... ധോണി ബേസ് ക്യാമ്പിൽ കഴിയുന്ന കുങ്കിയാന കോട്ടൂർ അഗസ്ത്യൻ കുളികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നു

പാലക്കാട്
നാടു വിറപ്പിക്കുന്ന കൊമ്പന്മാരെ തുരത്താൻ പുതിയ കുങ്കിയാനകളെത്തും. നേരത്തേയുണ്ടായിരുന്ന കുങ്കിയാനകളിൽ രണ്ടെണ്ണം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയിരുന്നു. തുടർന്നാണ് ആനകളെ ആവശ്യപ്പെട്ട് അധികൃതർ വനം വകുപ്പിന് അപേക്ഷ നൽകിയത്. 
നിലവിൽ മുത്തങ്ങയിൽനിന്നെത്തിയ കോട്ടൂർ അഗസ്ത്യൻ എന്ന കുങ്കിയാനമാത്രമാണ് ധോണിയിലെ ബേസ് ക്യാമ്പിലുള്ളത്. വാളയാർ വനം റേഞ്ചിലെ ആനക്കൽ, ഒലവക്കോട്‌ എന്നിവിടങ്ങളിൽ സൗരോർജ വേലി നിർമിക്കുന്നതിന്‌ സർക്കാർ 39 ലക്ഷം രൂപ അനുവദിച്ചു. ഇതിനുവേണ്ട നടപടി തുടങ്ങുകയും ചെയ്‌തതായി മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞദിവസം നിയമസഭയിൽ എ പ്രഭാകരൻ എംഎൽഎ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടിയിൽ അറിയിച്ചിരുന്നു.
കോടനാട് നീലകണ്ഠൻ എന്ന കുങ്കിയാന ചികിത്സയ്ക്കായി കോന്നിയിലേക്കും കോന്നി സുരേന്ദ്രൻ ചികിത്സയ്ക്ക് വയനാട്ടിലേക്കുമാണ് പോയത്. മൂന്ന്‌ ആനയും കഴിഞ്ഞ നാലു മാസത്തിനിടെ വിവിധ സമയങ്ങളിലായി മദപ്പാടിലായിരുന്നു. തുടർന്ന്, ആനകളെ തുരത്തുന്ന ദൗത്യത്തിൽനിന്ന് കുങ്കിയാനകളെ വനം വകുപ്പ് താൽക്കാലികമായി മാറ്റി. 
പാലക്കാട് ഡിവിഷനു കീഴിൽ വാളയാർ, കഞ്ചിക്കോട്, പന്നിമട, വേനോലി, ഊരോലി, മലമ്പുഴ, ആറങ്ങോട്ടുകുളമ്പ്, പടലിക്കാട്, ധോണി, കോർമ, അരിമണിക്കാട് എന്നിവയാണ് കാട്ടാനശല്യമുള്ള പ്രദേശങ്ങൾ. രണ്ടാഴ്ചമുമ്പ് കഞ്ചിക്കോട് വലിയേരിയിൽ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പന്നിമട ഭാഗത്തുനിന്ന് ആനകളെ ഓടിക്കുന്നതിന് മൂവരും വനം വകുപ്പിനൊപ്പം ചേർന്നിരുന്നു. തിരുവിഴാംകുന്നിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കരയ്ക്കു കയറ്റിയതും ഈ മൂവർ സംഘമായിരുന്നു. 
2018 സെപ്റ്റംബറിൽ ആനകളെ തുരത്തുകയെന്ന ദൗത്യവുമായി സൂര്യൻ എത്തിയിരുന്നു. രണ്ടാഴ്ചയോളം ധോണി റിസർവിനകത്ത് പട്രോളിങ്‌ നടത്തി. ഉടനെ മദപ്പാടിലായ കുങ്കി മാസങ്ങളോളം നീരിൽ കഴിഞ്ഞു. ഒടുവിൽ സുൽത്താൻബത്തേരി വടക്കനാട് ഗ്രാമത്തെ മുൾമുനയിൽ നിർത്തിയ വടക്കനാടൻ കൊമ്പനെ പിടികൂടുകയെന്ന ദൗത്യത്തിന് മടങ്ങുകയായിരുന്നു. കൊട്ടേക്കാട്, ആറങ്ങോട്ടുകുളമ്പ് പ്രദേശങ്ങളിലെ കർഷകരാണ് ഏറ്റവുമധികം ആനശല്യം നേരിടുന്നത്. പകൽപോലും ഭയത്തോടെയല്ലാതെ കൃഷിയിടത്തിൽ തൊഴിലെടുക്കാനാകില്ല. ഒന്നാംവിള കൃഷിക്കായി കർഷകർ ഞാറ്റടി തയ്യാറാക്കി നടീൽ തുടരുന്ന സമയമാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top