23 August Friday
5 മാസത്തിനിടെ 1102 റോഡപകടങ്ങൾ. 184 മരണം

റോഡുകളിൽ അപകട സൈറൺ

ബിജോ ടോമിUpdated: Tuesday Jun 11, 2019
പാലക്കാട‌്
തണ്ണിശേരിയിലെ ദാരുണ അപകടത്തിന്റെ ഞെട്ടലിൽനിന്ന‌് നാട‌് ഇനിയും മോചിതമായിട്ടില്ല. എട്ടു കുടുംബങ്ങളുടെ പ്രതീക്ഷയും അത്താണിയുമാണ‌് ഇല്ലാതായത‌്. ഇതുപോലെ തിരക്കുപിടിച്ച റോഡിൽ ഒരു നിമിഷത്തെ പിഴവും ദൗർഭാഗ്യവും അനാഥമാക്കിയ നിരവധി കുടുംബങ്ങളുണ്ട‌്. വിവിധ റോഡപകടങ്ങളിലായി നൂറുകണക്കിന‌് ആളുകളാണ‌് ഗുരുതരമായി പരിക്കേറ്റ‌് ചികിത്സയിൽ കഴിയുന്നത‌്. 
അപകടത്തിന്റെ ബാക്കിപത്രമായി പഴയ ജീവിതത്തിലേക്ക‌് തിരിച്ചു വരാനാകാതെ ജീവിതം നാലു ചുവരുകൾക്കിടയിലേക്ക‌് ഒതുങ്ങി പോയവരുമുണ്ട‌്. സാരമായി പരിക്കേൽക്കുകയോ മരണം സംഭവിക്കുന്നതോ ആയ ശരാശരി എട്ട‌് അപകടങ്ങൾ ഒരുദിവസം ജില്ലയിൽ സംഭവിക്കുന്നതായാണ‌് ക്രൈം റെക്കോഡ‌്സ‌് ബ്യൂറോയുടെ കണക്ക‌്. ഈ വർഷം ജനുവരി മുതൽ മെയ‌് വരെയുള്ള കണക്കനുസരിച്ച‌് 1,102 റോഡപകടങ്ങൾ ജില്ലയിൽ ഉണ്ടായി. 184 പേർക്ക‌് ജീവൻ നഷ‌്ടമായി. 
ജനുവരിയിൽ 207 അപകടം ഉണ്ടായതിൽ 37 പേർ മരിച്ചു. ഫെബ്രുവരിയിൽ 202 അപകടം, 37 മരണം. മാർച്ചിൽ 214 അപകടങ്ങൾ ഉണ്ടായി. 33 പേർക്ക‌് ജീവൻ നഷ‌്ടമായി. ഏപ്രിൽ മാസത്തിലാണ‌് ഏറ്റവും കൂടുതൽ അപകടമുണ്ടായത‌്. 263 എണ്ണം. 42 പേർ മരിച്ചു. മെയിൽ 216 അപകടങ്ങളിൽ 35 പേർക്ക‌് ജീവൻ നഷ്ടമായി. 
 ലക്ഷ്യ സ്ഥാനത്തേക്ക‌്   പായുമ്പോൾ പലരും ഗതാഗത നിയമങ്ങൾ പാലിക്കുന്നില്ല. അഞ്ചു മാസത്തിനിടെയുണ്ടായ  അപകടങ്ങളിൽ ഭൂരിഭാഗവും അശ്രദ്ധയും അമിത വേഗതയും കൊണ്ടാണെന്നു കണക്കുകൾ  വ്യക്തമാക്കുന്നു. റോഡപകടങ്ങൾ കുറയ്‌ക്കാൻ പരിശോധന കർശനമാക്കുമെന്ന‌് മോട്ടോർ വാഹന വകുപ്പ‌് അധികൃതർ പറഞ്ഞു. മുമ്പ‌് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 1,000 രൂപയായിരുന്നു പിഴ. ഇപ്പോൾ മൊബൈൽ ഉപയോഗിച്ചതായി തെളിഞ്ഞാൽ മൂന്നു മാസത്തേക്ക‌് ലൈസൻസ‌് സസ‌്പെൻഡ‌് ചെയ്യും. 
അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ അപകടത്തിനിടയാക്കിയ ഡ്രൈവറുടെ ലൈസൻസ‌് ഒരു വർഷത്തേക്ക‌് സസ‌്പെൻഡ‌് ചെയ്യും. പരിശോധനയും നിയമങ്ങളും കർശനമാക്കിയതിന്റെ ഫലമായി മുൻ വർഷങ്ങളെക്കാൾ അപകടങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന‌് അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top