25 June Tuesday
ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രത്യേക ഒപി

ഇനി അക്യൂപങ്‌ചറും പ്രകൃതിയും യോഗയും

കെ പി പ്രവീഷ‌്Updated: Monday Feb 11, 2019

ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ പരിശീലനം

പാലക്കാട്
ജില്ലാ ആയുർവേദ ആശുപത്രിയിലെ പ്രത്യേക യോഗ–-പ്രകൃതി ചികിത്സാ ഒപിയിലൂടെ പാലക്കാടിന്റെ ആരോഗ്യരംഗം കൂടുതൽ ഊർജസ്വ ലമാകുന്നു. 2015–-ൽ തുടങ്ങിയ പ്രത്യേക ഒപിയിൽ പ്രതിദിനം നിരവധിപേരാണ‌് ചികിത്സ തേടിയെത്തുന്നത‌്. രാവിലെ ഏഴുമുതൽ യോഗ പരിശീലന ക്ലാസും തുടർന്ന‌് രോഗികളെ പരിശോധിക്കാൻ പ്രത്യേക ഒപി വിഭാഗവുമാണ‌് പ്രവർത്തിക്കുന്നത‌്.  പ്രകൃതിയിൽനിന്ന‌് രോഗശമനം എന്നതാണ‌് പ്രകൃതി ചികിത്സ. വേദനാസംഹാരികളില്ലാതെ  വേദന മാറ്റുന്ന  അക്യൂപങ്ചർ ചികിത്സയും ഇവിടെയുണ്ട‌്. 
50 പേരെ ഉൾക്കൊള്ളാനാകുന്ന വിശാലമായ യോഗമുറിയാണ‌് ജില്ലാ ആയുർവേദ ആശുപത്രിയിലുള്ളത‌്. എല്ലാ ദിവസവും യോഗ ക്ലാസുകൾ നടക്കുന്നതിനുപുറമെ,  ഓരോ വ്യക്തിക്കും ഓരോ രോഗാവസ്ഥയിലും അനുയോജ്യമായ യോഗാസനങ്ങളും ഡോക്ടറുടെ നിർദേശപ്രകാരം ലഭ്യമാക്കുന്നു. തികച്ചും സൗജന്യമായി നൽകുന്ന യോഗപരിശീലനത്തിൽ പങ്കെടുക്കാൻ പ്രായ–-ലിംഗ ഭേദമില്ലാതെയാണ‌് ആളുകളെത്തുന്നത‌്. 
വായു, ജലം, ആഹാരം, സൂര്യപ്രകാശം, വ്യായാമം തുടങ്ങിയ ഉപാധികളാണ് പ്രകൃതി ചികിത്സയുടെ  അടിസ്ഥാനം. ശ്വാസസംബന്ധമായുള്ള രോഗങ്ങൾ, പ്രമേഹം, കൊളസ‌്ട്രോൾ, അമിതവണ്ണം, രക്തസമ്മർദം, ആർത്തവക്രമക്കേടുകൾ തുടങ്ങിയ രോഗങ്ങൾ മരുന്നില്ലാതെ ചികിത്സിക്കാം എന്നതാണ് പ്രകൃതി ചികിത്സയുടെ പ്രത്യേകത.
ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നുകളുടെ ഉപയോഗമില്ലാത്ത പ്രത്യേകതരം സൂചികൾ ശരീരത്തിൽ തറച്ചുകൊണ്ടു രോഗശമനം  കൊണ്ടുവരുന്ന ചികിത്സയാണ്  അക്യൂപങ്ചർ. ശരീരത്തിലെ നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിച്ചു ഊർജപാതയുടെ തടസ്സങ്ങൾ നീക്കിക്കൊണ്ടാണ് ഈ ചികിത്സാരീതി രോഗശാന്തി നൽകുന്നത‌്.  നടുവേദന, മറ്റു സന്ധിവേദനകൾ, മൈഗ്രൈൻ, സൈനസൈറ്റിസ്, ശ്വാസ സബന്ധമായ രോഗങ്ങൾ, ഉറക്കമില്ലായ്മ, പക്ഷാഘാതം എന്നിങ്ങനെ പലവിധ രോഗങ്ങൾക്കും അക്യൂപങ്ചർ വളരെ ഫലപ്രദമാണ്. വേദന സംഹാരികളും സ്റ്റീറോയിഡുകളും ശരീരത്തിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാലും ഈ ചികിത്സാരീതിക്ക‌് ഏറെ അംഗീകാരം ലഭിക്കുന്നുണ്ടെന്ന‌് മെഡിക്കൽ ഓഫീസർ സി ഹണിമ പറയുന്നു.  
യോഗ - പ്രകൃതി ചികിത്സാ വിഭാഗം -ദൈനംദിന പ്രവർത്തനങ്ങൾ
• എല്ലാ ദിവസവും രാവിലെ ഏഴുമുതൽ എട്ടുവരെ ഐപിയിലെ രോഗികൾക്കായി പ്രത്യേക യോഗ.
• രാവിലെ എട്ടു  മുതൽ ഒമ്പതുവരെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന‌്  യോഗ പരിശീലനം.
• പ്രമേഹം, രക്തസമ്മർദം, കരൾ രോഗം, സന്ധി രോഗം, ആസ‌്ത‌്മ, ഗൈനിക് പ്രശ്നങ്ങൾ, തൈറോയ്ഡ് ഡിസോർഡേഴ്സ് മുതലായ രോഗങ്ങൾക്ക് പ്രത്യേക യോഗ പരിശീലനം
• പൊതുജനങ്ങളിൽ ജീവിതശൈലിയെക്കുറിച്ചും ഭക്ഷണ ക്രമത്തെക്കുറിച്ചും അവബോധമുണ്ടാക്കാൻ  പ്രത്യേക കൗൺസലിങ‌്
• വ്യത്യസ്ത ജീവിതശൈലീ രോഗബാധിതർക്ക്  ഭക്ഷണ ക്രമത്തെക്കുറിച്ചും നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക നിർദേശം  
• ഹൈപ്പർലിപിഡെമിയ രോഗബാധിതർക്ക് യോഗ പരിശീലനവും ചലനാത്മക വ്യായാമങ്ങളും ഭക്ഷണക്രമീകരണവും ഉൾപ്പെടെയുള്ളവയിൽ മാർഗനിദേശങ്ങൾ.
• സംസാര വൈകല്യമുള്ളവർക്ക് സ‌്പീച്ച‌് തെറാപ്പിയും വോയിസ് കൾച്ചറും.
• വിഷാദം, ഉത‌്ക്കണ്ഠ,  ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക  ബുദ്ധിമുട്ടുകൾക്ക് കൗൺസലിങ്.  
• കുട്ടികളിലെ ശ്രദ്ധക്കുറവ്, പഠന വൈകല്യം എന്നിവയ്ക്ക‌്  യോഗ, ധ്യാന പരിശീലനം.
• എല്ലാ വെള്ളിയാഴ‌്ചയും  ശ്വസനക്രിയ വ്യായാമം
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top