19 October Saturday
കുതിരാൻ

കുരുക്ക്‌ അഴിച്ചില്ലെങ്കിൽ സമരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കുതിരാനിൽ നടന്ന ജനകീയ പ്രതിഷേധ കൂട്ടായ്മയിൽ ബസ്‌ ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് സംസാരിക്കുന്നു

 
വടക്കഞ്ചേരി
വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ കുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് ജനകീയവേദിയുടെ പ്രതിഷേധ കൂട്ടായ്മ. കുരുക്ക് രൂക്ഷമായ കുതിരാനിലെ നാലുകിലോമീറ്റർ പൂർണമായി ടാർ ചെയ്യണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 20നകം ഇതുസംബന്ധിച്ച്‌ തീരുമാനമായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകും.
നിലവിൽ കുതിരാനിലെ അറ്റകുറ്റപ്പണിക്കും ടാറിങ്ങിനുമായി ദേശീയപാത അതോറിറ്റി അനുവദിച്ച 2.8 കോടി രൂപ ഉപയോഗിച്ച് പ്രവൃത്തി തുടങ്ങണമെന്നാണ് സമരക്കാരുടെ ആവശ്യം. നിർമാണം നിലച്ച ദേശീയപാതയുടെയും തുരങ്കത്തിന്റെയും പണി ഉടനെ പുനരാരംഭിക്കാൻ സാധ്യതയില്ലാത്തതിനാൽ റോഡിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കുകയല്ലാതെ വേറെ മാർഗമില്ല. ഈ സാഹചര്യത്തിലാണ്‌ നാലു കിലോമീറ്റർ ടാർ ചെയ്യണമെന്ന ആവശ്യം. 
ബുധനാഴ്‌ച രാവിലെ കുതിരാൻ മമ്മദ്പടിയിൽ നടന്ന പ്രതിഷേധകൂട്ടായ്മയിൽ വടക്കഞ്ചേരി മുതൽ മണ്ണുത്തിവരെയുള്ള വിവിധ ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബുകൾ, ബസ്‌ ഓണേഴ്സ് -തൊഴിലാളി സംഘടനകൾ, ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഷമീർ ബാബു അധ്യക്ഷനായി. ഓൾ കേരള ബസ്‌ ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ, വാണിയംപാറ സ്‌കൂൾ മാനേജർ കെ പി രാജേന്ദ്രൻ, വള്ളിയോട് സെന്റ്‌ മേരീസ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഫാ. റെനി, വടക്കഞ്ചേരി ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, എമർജൻസി ആംബുലൻസ് റെസ്ക്യൂ ടീം പാലക്കാട് ക്യാപ്റ്റൻ സുരേഷ് പുളിക്കൽ, മണിമല എസ്റ്റേറ്റ് സൂപ്രണ്ട് ജോർജ് ഫിലിപ്പ്, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബൂബക്കർ, മൊയ്തീൻകുട്ടി, സുരേഷ് വേലായുധൻ, കെ വി സതീഷ്, ജോയ് പൂവ്വത്തിങ്കൽ, എൻ സി രാഹുൽ, ബൈജു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top