17 September Tuesday
ഇന്ന്‌ ഉത്രാടപ്പാച്ചിൽ

ആഘോഷത്തിനൊരുങ്ങി നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

പാലക്കാട്‌ കോട്ടമൈതാനം പരിസരത്തെ തിരക്ക്‌

പാലക്കാട്‌
തിരുവോണ ആഘോഷത്തിന്‌ പൊലിമ കൂട്ടാനുള്ള അവസാനവട്ട പരക്കംപാച്ചിലിലാണ്‌ നാട്‌. ഓണക്കോടിയും സദ്യയ്‌ക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലായി ഗ്രാമ–-നഗരങ്ങൾ. ഇടയ്‌ക്കിടെ പെയ്യുന്ന മഴയും ഓണാവേശം കെടുത്തുന്നില്ല. ദിവസങ്ങൾക്കുമുമ്പേ പ്രധാന നഗരങ്ങളിൽ തിരക്ക്‌ തുടങ്ങി. 
വ്യാപാരസ്ഥാപനങ്ങളിൽ, പ്രത്യേകിച്ച്‌ തുണിക്കടകളിലും ഇലകട്രോണിക്‌സ്‌ സ്ഥാപനങ്ങളിലുമാണ്‌ തിരക്കേറെയും. ആഘോഷത്തിന്‌ സർക്കാരിന്റെ കൈത്താങ്ങുമുണ്ട്‌. 
സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും വിലക്കുറവിന്റെ ഓണവിപണിയിൽ വരി നീണ്ടുപോയി. പുലർച്ചെ മുതൽക്കുതന്നെ ജനം കാത്തിരിക്കുകയാണ്‌. 13 ഇനം സാധനങ്ങളാണ്‌ സബ്‌സിഡി നിരക്കിൽ നൽകുന്നത്‌. വിലക്കുറവെന്നു മാത്രമല്ല, മികച്ച ഗുണമേന്മയുമുള്ള ഉൽപ്പന്നങ്ങളുമുണ്ടിവിടെ. സഹകരണ ബാങ്കുകൾ പ്രത്യേക ഓണക്കിറ്റുകൾ കുറഞ്ഞ വിലയ്ക്ക്‌ വിൽക്കുന്നുണ്ട്‌. 
പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ്പിന്റെയും വിഎഫ്‌പിസികെയും കൃഷി വകുപ്പിന്റെയും  ഓണച്ചന്തകളുണ്ട്‌. പൊതുവിപണിയിലേതിനെക്കാൾ നല്ല വിലക്കുറവിലാണ്‌ ഇവിടെ പച്ചക്കറി കിട്ടുന്നത്‌. ഒപ്പം എല്ലാ വിഭവങ്ങളുമൊരുക്കി കുടുംബശ്രീ പഞ്ചായത്തുതോറും ഓണച്ചന്ത ഒരുക്കിയിട്ടുണ്ട്‌. 
വഴിയോര കച്ചവടവും ഇത്തവണ പൊടിപൊടിച്ചു  കൂട്ടിയുടുപ്പുകൾ, ചെരുപ്പുകൾ, ബാഗുകൾ, സ്റ്റീൽ പാത്രങ്ങൾ, ഷർട്ട്‌, സാരി തുടങ്ങി  വൈവിധ്യങ്ങളായ സാധനങ്ങളുണ്ട്‌.  തമിഴ്‌നാട്ടിൽനിന്നും മറ്റും നിരവധിപേർ   ഓണക്കച്ചവടത്തിനായി എത്തിയിട്ടുണ്ട്‌. ഒപ്പം പൂക്കച്ചവടവും പൊടിപൊടിക്കുകയാണ്‌. ഓണത്തിന്‌ കൊഴുപ്പേകാൻ ചൊവ്വാഴ്‌ച മുതൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഘോഷപരിപാടികളുമുണ്ട്‌.
പ്രധാന വാർത്തകൾ
 Top