14 August Friday

അതിഥിത്തൊഴിലാളികൾ നിരീക്ഷണത്തിന്‌ പ്രത്യേകസംഘം: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

 

പാലക്കാട്‌
മടങ്ങിയെത്തുന്ന അതിഥിത്തൊ ഴിലാളികളെ നിരീക്ഷിക്കാൻ‌ സംയുക്ത സംഘത്തെ ചുമതലപ്പെടുത്തിയതായി‌ മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണിത്‌. കലക്ടറേറ്റിൽ ചേർന്ന അവലോകനത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംസ്ഥാന അതിർത്തികടക്കാൻ പാസ്‌ വേണ്ട, രജിസ്‌ട്രേഷൻ മതിയെന്ന കേന്ദ്ര സർക്കാർ നിർദേശം വന്നതോടെ വൻതോതിൽ ആളുകൾ കടന്നുവരുന്നു. പലരും വ്യാജരജിസ്‌ട്രേഷനിലാണ് എത്തുന്നത്‌‌. അതിഥിത്തൊഴിലാളികൾ കൂട്ടമായി വരുന്നത്‌ രോഗവ്യാപനത്തിനിടയാക്കും. ഇത്‌ സമൂഹ വ്യാപനത്തിന്‌ കാരണമാകും. ഇവരെ നിരീക്ഷിക്കാൻ‌ തൊഴിൽ, ആരോഗ്യ, പൊലീസ്‌ വകുപ്പുകളുടെ സംയുക്ത സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം 14 അതിഥി തൊഴിലാളികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച 17 പേർക്കും രോഗം കണ്ടെത്തി. പെരുമാട്ടി, കണ്ണമ്പ്ര, എലപ്പുള്ളി എന്നിവിടങ്ങളിൽ 160 ഓളം പേർ നിരീക്ഷണത്തിലാണ്‌. അതിഥി തൊഴിലാളികൾക്കുള്ള നിരീക്ഷണം അതത്‌ മാനേജ്‌മെന്റുകൾ ഒരുക്കണം. തിരുവനന്തപുരത്ത്‌ രോഗം കണ്ടെത്തിയ 90 ശതമാനത്തിനും സമ്പർക്കം മൂലമാണ് പിടിപെട്ടതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
പ്രവേശനം വാളയാർ വഴിമാത്രം
പാലക്കാട്‌
മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ വാളയാർ ചെക്‌പോസ്റ്റ് വഴി മാത്രമേ കടത്തിവിടു. ഇവർ കോവിഡ് –-19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഹോട്ട്സ്പോട്ടിൽ നിന്നും   വ്യാജ രേഖയുണ്ടാക്കിയും എത്തുന്നവരെ  സ്രവ പരിശോധനക്ക്‌ വിധേയമാക്കും. റെഡ് സോണുകളിൽ നിന്നെത്തിയ രോഗലക്ഷണം ഇല്ലാത്തവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത്  കണ്ടെത്താനായത് രോഗവ്യാപന തോത് കുറയ്ക്കാൻ സഹായകമായി. കലക്ടർ ഡി ബാലമുരളി, എസ്‌പി ജി ശിവവിക്രം, എഡിഎം ആർ പി സുരേഷ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top