കുഴൽമന്ദം
മാത്തൂരിന്റെ പ്രൗഢിയിൽ തിളങ്ങി ഇന്ത്യൻസംഘം. ദേശീയ സ്കൂൾ കായികമേളയിൽ പി അഭിരാം സ്വർണം നേടുമ്പോൾ മാത്തൂരിന്റെ പ്രൗഢി രാജ്യമാകെ അലയടിക്കുകയാണ്. മാത്തൂർ സിഎഫ്ഡി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയായ അഭിരാമിന്റെ തുടർവിജയങ്ങളിൽ സ്കൂളിനും നാടിനും ഒരുപോലെ അഭിമാനം.
ഭോപാലിൽ 400 മീറ്റർ ഓട്ടത്തിലാണ് കേരള ടീം ക്യാപ്റ്റൻ കൂടിയായ അഭിരാം സ്വർണം നേടിയത്. റിലേയിൽ ഫൈനലിലെത്തിയെങ്കിലും കൂടെയുള്ള അത്‌ലറ്റിന് പരിക്കേറ്റതിനാൽ മത്സരിക്കാനായില്ല. മാത്തൂർ പല്ലഞ്ചാത്തനൂർ അമ്പാട് വീട്ടിൽ പ്രമോദിന്റെയും കുഴൽമന്ദം കെഎസ്എഫ്ഇ ജീവനക്കാരി മഞ്ജുഷയുടെയും മകനാണ്. സ്കൂളിലെ കായികാധ്യാപകൻ കെ സുരേന്ദ്രൻ കണ്ടെത്തിയ പ്രതിഭയാണ് ഈ പ്ലസ് വണ്ണുകാരൻ.
കഴിഞ്ഞ ഫെബ്രുവരിയിൽ ഭോപാലിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇരട്ട സ്വർണമാണ് അഭിരാം നേടിയത്. 400 മീറ്ററിലും റിലേയിലുമായിരുന്നു നേട്ടം. കുവൈറ്റിൽ നടന്ന ഏഷ്യൻ യൂത്ത് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ റിലേയിൽ അഭിരാം സ്വർണം നേടിയിരുന്നു. ദിവസവുമുള്ള കഠിന പ്രയത്‌നമാണ് ഉയരങ്ങൾ കീഴടക്കാൻ അഭിരാമിന്റെ കരുത്ത്. അബ്ദുൾ റസാഖിനുശേഷം മാത്തൂർ സ്കൂളിന്റെ പുതിയ താരോദയമാണ് അഭിരാം. പരിശീലകനായ കെ സുരേന്ദ്രൻ കേരള ടീമിനൊപ്പമുള്ളത് അഭിരാമിന്റെ പ്രകടനത്തിന് ഗുണം ചെയ്തിട്ടുണ്ട്. അഭിരാമിനെയും സുരേന്ദ്രനേയും സ്വീകരിക്കാൻ കാത്തിരിക്കുകയാണ് മാത്തൂർ ഗ്രാമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..