15 October Tuesday

കണ്ണീർപ്പെയ‌്ത്ത‌്

കെ പി പ്രവീഷ‌്Updated: Monday Jun 10, 2019

അപകടത്തിൽപ്പെട്ട ആംബുലൻസിന്റെ ഉൾവശം

പാലക്കാട‌്
കാർമേഘം മൂടിക്കെട്ടിയ ആകാശത്തിന‌ുകീഴെ ജില്ലയുടെ രണ്ടറ്റത്തുനിന്നെത്തിയവർ തിങ്ങിനിറഞ്ഞു. മഴ പെയ്യാനറച്ച‌ുനിന്നപ്പോൾ കണ്ണുനീർ തുള്ളികൾ തോരാതെ പെയ്തൊഴുകി. അണയാത്ത വിങ്ങിപ്പൊട്ടലുകളും തേങ്ങിക്കരച്ചിലും ജില്ലാ ആശുപത്രിയിലെ മോർച്ചറിക്കുമുന്നിൽ ഉയർന്നുപൊങ്ങി. നാടിനെ നടുക്കിയ എട്ടുപേരുടെ ദാരുണാന്ത്യം അറിഞ്ഞ‌് നാട്ടുകാരുൾപ്പെടെയുള്ളവരും മോർച്ചറിക്ക‌് മുന്നിലെത്തി. അവിശ്വസനീയതയും സങ്കടവും നിഴലിച്ചിരുന്നു കൂടിനിന്ന ഓരോരുത്തരുടെയും മുഖങ്ങളിൽ.  
നെന്മാറ അയിലൂർ തലവെട്ടാംപാറയിലെയും പട്ടാമ്പി വാടാനാംകുറുശിയിലെയും ഷൊർണൂർ വെട്ടിക്കാട്ടിരിയിലെയും ജനങ്ങളാണ‌് മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടിയത‌്. വാവിട്ടുകരയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ പെടാപ്പാട‌് പെടുകയായിരുന്നു പലരും. ഛർദിച്ച‌് അവശനായതിനെത്തുടർന്നാണ‌് നിഖിലിനെയും കൊണ്ട‌് സുഹൃത്തുക്കൾ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക‌് തിരിച്ചത‌്. ജില്ലാ ആശുപത്രിയിലെ ചികിത്സ നിർദേശിച്ചതിനെത്തുടർന്ന‌് പാലക്കാട്ടേക്ക‌് തിരിക്കുമ്പോൾ നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ട വാടാനാംകുറുശിയിൽനിന്നുള്ള വിനോദ സഞ്ചാരസംഘവും  ഇവരോടൊപ്പം കൂടുകയായിരുന്നു. നെല്ലിയാമ്പതിയിൽ കാർ കൊക്കയിലേക്ക‌് മറിഞ്ഞുണ്ടായ ചെറിയ അപകടത്തെ നിസ്സാര പരിക്കുകളോടെ അതിജീവിച്ചവർക്ക‌് മരണദൂതുമായാണ‌് ആംബുലൻസ‌് എത്തിയത‌്. 
അവധി ദിവസമായ ഞായറാഴ‌്ച കൂട്ടുകാരുമായി ആഘോഷിക്കുന്നതിനിടയ്ക്കാണ‌് നിഖിലിന‌് അസ്വാസ്ഥ്യം അനുഭവപ്പെട്ടത‌്. അപകട വിവരമറിഞ്ഞ‌് ആശുപത്രിയിലെത്തിയ കൂട്ടുകാർക്കും ബന്ധുക്കൾക്കും നിഖിലിന്റെയും വൈശാഖിന്റെയും ശിവന്റെയും സുധീറിന്റെയും മരണം ഉൾക്കൊള്ളാനായില്ല. ഏതാനും മണിക്കൂറുകൾക്ക‌് മുമ്പുവരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവർ ചേതനയറ്റുകിടക്കുന്ന മോർച്ചറിക്കുമുന്നിൽ അവർ പരസ്പരം കെട്ടിപ്പിടിച്ച‌് കരഞ്ഞു. വിനോദയാത്രയ‌്ക്ക‌് പോയവരെ ജീവനറ്റ‌് മോർച്ചറിയിൽ കാണേണ്ടിവന്നതിന്റെ നടുക്കത്തിലായിരുന്നു വാടാനാംകുറുശിയിൽനിന്ന‌് എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും. തളർന്നുവീഴാറായ ഓരോരുത്തരെയും കൂടെയുണ്ടായിരുന്നവർ താങ്ങിപ്പിടിച്ചു. 
മോർച്ചറിക്കുമുന്നിൽ തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ‌ും പാടുപെട്ടു. എം ബി രാജേഷ‌്, വി കെ ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ കെ ഡി പ്രസേനൻ, കെ ബാബു,  മുഹമ്മദ‌് മുഹസിൻ, ഷാഫി പറമ്പിൽ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ, സിപിഐ എം പട്ടാമ്പി ഏരിയ സെക്രട്ടറി എൻ പി  വിനയകുമാർ, പുതുശേരി ഏരിയ സെക്രട്ടറി എസ‌് സുഭാഷ‌് ചന്ദ്രബോസ‌്, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ‌്‌രാജ‌്, കലക്ടർ ഡി ബാലമുരളി എന്നിവർ സ്ഥലത്തെത്തി.
പ്രധാന വാർത്തകൾ
 Top