23 January Wednesday
എൽഡിഎഫ‌് പൊതുയോഗം

ശബരിമലയിൽ ചോരവീഴാൻ അനുവദിക്കില്ല: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഒറ്റപ്പാലം

ശബരിമലയിൽ ഒരുതുള്ളി ചോര പോലും വീഴാതിരിക്കാനുള്ള ജാഗ്രതയാണ‌് ഇടതുപക്ഷ സർക്കാർ പുലർത്തുന്നതെന്ന‌് എൽഡിഎഫ‌് കൺവീനർ  എ വിജയരാഘവൻ. ഒറ്റപ്പാലത്ത‌് എൽഡിഎഫ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രമസമാധാനം തകർത്ത‌് അരാജകത്വം സൃഷ്ടിക്കാനാണ‌് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത‌്. 

ശബരിമലയുടെ പേരിൽ സംസ്ഥാനത്താകെ കലാപം നടത്താനാണ്‌ ശ്രമം. ശബരിമലയിലെത്തുന്ന സ‌്ത്രീകളെയും ആക്രമിച്ചു. പതിനെട്ടാംപടിയെ സമരവേദിയാക്കി. നെയ‌്തേങ്ങവരെ ആക്രമണത്തിന‌് ആയുധമാക്കി. സംസ്ഥാനത്തെ ക്രിമിനലുകളെ തെരഞ്ഞ‌ു പിടിച്ച‌് ആർഎസ‌്എസ്സുകാർ ശബരിമലയിലേക്കയക്കുകയാണ‌്. സുപ്രീം കോടതി വിധിയെ രാഷ‌്ട്രീയ ആയുധമാക്കി മുതലെടുപ്പ‌് നടത്താനുള്ള ആസൂത്രിത നീക്കമാണ‌് അരങ്ങേറുന്നത‌്.

രാജ്യത്ത‌് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വർഗീയധ്രുവീകരണത്തിലൂടെയാണ‌് ബിജെപി അധികാരം പിടിച്ചെടുത്തത‌്. അമിത‌് ഷാ കാലുകുത്തുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപി അധികാരം പിടിക്കുമെന്നാണ‌് അവർ കരുതുന്നത‌്. എന്നാൽ, കേരളത്തിൽ ബിജെപിക്ക‌് കടന്നുകയറാൻ കഴിയുന്നില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ‌് ബിജെപിക്ക്‌ തടസ്സമായി നിലകൊള്ളുന്നതെന്ന‌് അവർ കരുതുന്നു. ഈ സാഹചര്യത്തിലാണ‌് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ മതസ‌്പർധയുണ്ടാക്കി കലാപം സൃഷ്ടിച്ച‌് രാഷ‌്ട്രീയ നേട്ടത്തിന‌് ശ്രമിക്കുന്നത‌്. 

സമൂഹത്തെ ഭിന്നിപ്പിക്കുകയും നാടിന്റെ പൈതൃകത്തെ തകർക്കുകയുമാണ‌് ഇവർ. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും എത്തുന്ന ജനങ്ങൾക്ക്‌ അയ്യപ്പനെ കാണാൻ അവസരം നൽകില്ലെന്ന വാശിയിലാണ‌് വിശ്വാസികളുടെ പേരിൽ ബിജെപിക്കാർ ആക്രമണം നടത്തുന്നത്‌.

കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾക്കാണെങ്കിൽ കോൺഗ്രസിനെ കുറിച്ചോ ശബരിമലയെ കുറിച്ചോ ഒന്നും അറിയില്ല. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോൺഗ്രസ‌് ഇന്ന‌് ബിജെപി നിലപാടിന്റെ സംരക്ഷകരാണ‌്. രാജ്യത്ത‌് സംഘപരിവാർ സൃഷ്ടിക്കുന്ന വിപത്ത‌് തിരിച്ചറിയുന്നതിൽ കോൺഗ്രസ‌് പരാജയപ്പെട്ടു. ഇടതുവിരോധം മാത്രമാണ‌് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ കൈമുതൽ. ബിജെപി സമരത്തിൽ കൊടിപിടിക്കാതെ അണിനിരന്ന കോൺഗ്രസുകാരിൽ പലരും തിരിച്ചെത്തിയില്ല. നേതാക്കൾ ഉൾപ്പെടെ  പലരും ഇപ്പോൾ ബിജെപി പാളയത്തിലാണ‌്. 

ബിജെപിയുടെ നാപജപ യാത്രകൾ ഉദ‌്ഘാടനം ചെയ്യാൻ മുസ്ലിം ലീഗ‌് നേതാക്കൾ പോകുന്ന നാണംകെട്ട സംഭവവും ഉണ്ടായി. ശബരിമലയെ ആയുധമാക്കി ഒരു മാർക‌്സിസ‌്റ്റ‌് വിരുദ്ധ മുന്നണിയ‌്ക്ക‌് ശ്രമിക്കുകയാണ‌് ഇക്കൂട്ടർ. 

സുപ്രീംകോടതി വിധി നല്ലരീതിയിൽ നടപ്പാക്കുകയെന്ന കടമയാണ‌് കേരള സർക്കാർ നിർവഹിക്കുന്നത‌്. വിശ്വാസികളായ എല്ലാവർക്കും ശബരിമലയിൽ പ്രവേശിക്കാൻ എല്ലാവിധ സുരക്ഷയും സർക്കാർ ഒരുക്കും. ബിജെപിയും സംഘപരിവാറും നടത്തുന്ന കലാപശ്രമങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളാകെ  ഐക്യത്തോടെ അണിനിരക്കണമെന്നും വിജയരാഘവൻ പറഞ്ഞു.

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യവുമായാണ്‌ എൽഡിഎഫ‌്  നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണപൊതുയോഗം നടത്തിയത്‌. 

വി ചാമുണ്ണി അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ,  എം ബി രാജേഷ് എം പി, പി ഉണ്ണി എംഎൽഎ, സി കെ നാണു എംഎൽഎ, മുഹമ്മദ് മുഹ്സിൻ എംഎൽഎ,  എം ചന്ദ്രൻ, ടി കെ നാരായണദാസ്(സിപിഐ എം )  സത്യൻ മൊകേരി, കെ പി സുരേഷ് രാജ്, വിജയൻ കൂനിശേരി(സിപിഐ), മാത്യു കോഴഞ്ചേരി, ഒ ഉണ്ണിക്കൃഷ്ണൻ (എൻസിപി), നൈസ് മാത്യു (കോൺഗ്രസ് എസ് ), സുബ്രഹ്മണ്യൻ( റെഡ് ഫ്ലാഗ്),സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ഹംസ, എം ആർ മുരളി , ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്  എന്നിവർ സംസാരിച്ചു. 

എ ശിവപ്രകാശ് സ്വാഗതവും സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ സുരേഷ് നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top