19 March Tuesday
ദുരിതാശ്വാസനിധി സമാഹരണം

ഏക മനസ്സോടെ പാലക്കാട‌്

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

പാലക്കാട‌്

ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പകച്ചുനിൽക്കാതെ, തകർന്നവയെ പുനർനിർമിക്കാനുള്ള തീവ്രയജ്ഞത്തിൽ  കക്ഷി രാഷ്ട്രീയ ഭേദമന്യെ ഒന്നിച്ചുനിൽക്കാൻ മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ‌് കോൺഫറൻസ‌് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളുടെ ഉറപ്പ‌്.  എം പി, എംഎൽഎമാർ,  ത്രിതല പഞ്ചായത്തിലെ പ്രസിഡന്റുമാർ, നഗരസഭ ചെയർമാൻമാർ തുടങ്ങിയവരുടെ യോഗത്തിലാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് ആവുന്നത്ര പണം സ്വരൂപിക്കാൻ തീരുമാനമായാത‌്. ഇതിനായി താലൂക്ക‌്, പഞ്ചായത്ത‌് തലങ്ങളിൽ നടക്കുന്ന ഫണ്ട‌് കലക‌്ഷൻ ക്യാമ്പുകൾ വിജയിപ്പിക്കാനും കഴിയുന്നവിധം സമാഹരിക്കാനും  എല്ലാവരും ഉറപ്പ‌് നൽകി. 
മഴക്കെടുതിയെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള അടിയന്തര ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന്  മന്ത്രി എ കെ ബാലൻ പറഞ്ഞു. തഹസിൽദാർമാർ റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശമെന്നും മന്ത്രി പറഞ്ഞു.   
ജില്ലയിൽ 165 ദുരിതാശ്വാസ ക്യാമ്പുകളിലായി 5241 കുടുംബങ്ങളിലെ 16,684 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അപ‌്നാഘർ അടക്കം രണ്ട് ക്യാമ്പുകളിലായി 24 കുടുംബങ്ങളിലെ 79 പേരാണുള്ളത്. നിലവിൽ ഭക്ഷണത്തിന്റെ പ്രശ്നമില്ലെന്നും അറിഞ്ഞും കേട്ടും ജനങ്ങൾ സംഭാവന നൽകിയെന്നും ബാങ്ക് വായ‌്പ്പകൾ സംബന്ധിച്ച് പുനഃക്രമീകരണത്തിന്റെ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി വിവിധ റസിഡൻസ് അസോസിയേഷനുകളെ സമീപിക്കാമെന്ന‌് എം ബി  രാജേഷ് എംപി പറഞ്ഞു. ബിഇഎംഎൽ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനായി ഒരു ഞായറാഴ്ച അധികം ജോലി ചെയ്യുകയാണ്. ഇതിലൂടെ ഒരു കോടി രൂപ സമാഹരിക്കും. ഇൗ മാതൃക മറ്റുള്ളവർക്കും പിന്തുടരാമെന്നും എംപി ചൂണ്ടികാണിച്ചു. 
പറളി പഞ്ചായത്തിൽ മഴക്കെടുതി അതി രൂക്ഷമാണ‌്. അതിനാൽ കൂടുതൽ ശ്രദ്ധ അവിടെ വേണമെന്നും കാഞ്ഞിരപ്പുഴ പഞ്ചായത്തിലും വലിയ കെടുതി നേരിടേണ്ടിവന്നെന്നും കെ വി വിജയദാസ‌് എംഎൽഎ പറഞ്ഞു.  എം ബി രാജേഷ‌് എംപിയും ഇതിനെ അനുകൂലിച്ചു.  ആഘോഷങ്ങൾ നിർത്തുന്നത‌് പുനരാലോചിക്കണമെന്ന‌് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. തൃത്താല പഞ്ചായത്തിനെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന‌് വി ടി ബൽറാം  എംഎൽഎയും പറഞ്ഞു.  ഒരു കോടി രൂപ  ദുരിതാശ്വാസ നിധിയിലേക്ക‌് നൽകാനാണ‌്  ജില്ലാ പഞ്ചായത്ത‌് ലക്ഷ്യമിടുന്നത‌്.   ജീവനക്കാരുടെ ശമ്പളം, ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം, പഞ്ചായത്തുകളുടെ തനത‌് ഫണ്ട‌് എന്നിവയിലൂടെ  തുക കണ്ടെത്തുമെന്ന‌്  പ്രസിഡന്റ‌് കെ ശാന്തകുമാരി പറഞ്ഞു. ഫണ്ട‌് കലക‌്ഷന‌് വിദ്യാർഥികളെ രംഗത്തിറക്കണമെന്ന‌് വൈസ‌് പ്രസിഡന്റ‌് ടി കെ നാരായണദാസ‌് പറഞ്ഞു. മുതലമട രണ്ട‌് വില്ലേജിനെകുടി പ്രളയ ബാധിതമായി പ്രഖ്യാപിക്കണമെന്ന‌് കെ ബാബു എംഎൽഎ ആവശ്യപ്പെട്ടു. 
ചടങ്ങിൽ നിരവധി സംഘടനകളുടെയും മണ്ഡലം പദ്ധതികളുടേയും ധനസഹായം മന്ത്രി ഏറ്റുവാങ്ങി. ആലത്തൂർ മണ്ഡലത്തിൽ ദിശ പദ്ധതി പ്രകാരം വിദ്യാർഥികൾ സമാഹരിച്ച 6.63 ലക്ഷം രൂപയുടെ ചെക്ക‌് കെ ഡി പ്രസേനൻ എംഎൽഎ മന്ത്രി എ കെ ബാലന‌് കൈമാറി. തരൂർ മണ്ഡലം മെറിറ്റ‌് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച 3.55 ലക്ഷം രൂപയുടെ ചെക്കും മണ്ണാർക്കാട‌് ഫെയ‌്ത‌് ഇന്ത്യ സ‌്പെഷ്യൽ സ‌്കൂൾ വിദ്യാർഥികൾ  സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക‌്, ചിറ്റൂർ കോളേജ‌് യൂണിയൻ സമാഹരിച്ച 60,000 രൂപ, കളരിപ്പണിക്കർ സംഘടനയുടെ ഒരുലക്ഷം രൂപ, കൊഴിഞ്ഞാമ്പാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 21,000 രൂപ എന്നിവയും മന്ത്രി ഏറ്റുവാങ്ങി. 
ചടങ്ങിൽ ജില്ലയുടെ ദുരിതാശ്വാസ നിധി ശേഖരണ ചുമതലയുള്ള സ‌്പെഷ്യൽ ഓഫീസർ ഡോ. ജയതിലക‌്, കലക്ടർ ഡി ബാലമുരളി, വി എസ‌് അച്യുതാനന്ദൻ എംഎൽഎയുടെ പേഴ‌്സണൽ അസിസ്‌റ്റന്റ‌് എൻ അനിൽകുമാർ, പാലക്കാട‌് നഗരസഭ ചെയർപേഴ‌്സൺ പ്രമീള ശശിധരൻ, എഡിഎം ടി വിജയൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top