23 September Wednesday

ആശങ്കയിൽ നെൽകൃഷി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കൊല്ലങ്കോട്
തിമർത്ത് പെയ്യുന്ന മഴ നെൽകൃഷിയെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നെൽകർഷകർ. പൊടി വിത നടത്തിയ വയലുകളിൽ കതിർ നിരന്നു. 
പറിച്ചുനടീൽ നടത്തിയ വയലുകളിൽ കതിർ വരുന്ന സമയമാണ്. കതിരുവന്ന വയലുകളിൽ കനത്ത മഴയും കാറ്റും കാരണം നെൽച്ചെടി ചാഞ്ഞുവീഴുന്നത്‌ വ്യാപകമായി. നെൽച്ചെടി വീണാൽ നെന്മണികൾ പതിരാവാൻ സാധ്യത കൂടുതലാണ്. കൂടാതെ കീടബാധയും ഉണ്ടാകും.  ഇലപ്പേൻ, ഓല കരിച്ചിൽ, മണ്ഡരി എന്നീ കീടബാധകളാണ് വ്യാപകമാകുന്നത് . കനത്ത മഴ തുടർന്നാൽ നെൽപൂവുകൾ പൊഴിഞ്ഞ് കതിർ മണികുറയാനും കാരണമാകും. 
വയലിലെ വരമ്പുകൾ തകർന്ന് മണ്ണ് ഒഴുകി താഴത്തെ വയലിൽ കുമിഞ്ഞ് കൂടിയതിനാൽ നെൽച്ചെടികളിൽ കുറെയെണ്ണം മണ്ണിനടിയിലായി.‌ കീടനാശിനി തളിക്കാനോ മൂന്നാം ഘട്ട വളപ്രയോഗം നടത്താനോ കഴിഞ്ഞിട്ടില്ല. അനൂകൂല കാലാവസ്ഥയിൽ കൃത്യസമയത്ത് തന്നെ വിളവിറക്കി. 
കൃഷി വകുപ്പ് ഉൽപ്പാദന ബോണസും ത്രിതല പഞ്ചായത്തുകൾ ഉഴവുകൂലി ഉൾപ്പെടെ സാമ്പത്തിക സഹായം കാലതാമസം വരുത്താതെ വിതരണം ചെയ്തതിനാൽ കർഷകർക്ക് ഒന്നാംവിള ഇറക്കാൻ സാമ്പത്തിക പ്രയാസം ഉണ്ടായില്ല. അനുകൂല സാഹചര്യത്തിൽ നല്ല വിളവ് ലഭിക്കത്തക്കവിധം നെൽച്ചെടികൾ കരുത്തോ ടെ വളർന്നു നിൽക്കുമ്പോഴാണ് കനത്ത കാറ്റും മഴയും പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top