സ്വന്തം ലേഖകൻ
വടക്കഞ്ചേരി
പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിപ്രദേശത്ത് അണക്കെട്ടിന്റെ പണി ആരംഭിച്ചു. പ്രവൃത്തി പുരോഗമിക്കുകയാണ്. പദ്ധതി പ്രദേശം ജില്ലാ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിൽ അണക്കെട്ട് നിർമിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചത്. തോടിനു കുറുകെ നിർമിക്കാനുദ്ദേശിക്കുന്ന അണക്കെട്ടിന്റെ ഭാഗത്തെ പാറ പൊട്ടിച്ചു മാറ്റുന്ന പ്രവൃത്തി പൂർത്തിയായി. .കൂടാതെ പൈപ്പ് സ്ഥാപിക്കാൻവേണ്ടി നൂറ് മീറ്ററോളം ദൂരത്തിൽ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്.
പവർഹൗസ് സ്ഥാപിക്കുന്ന കൊന്നക്കൽ കടവ് പ്രദേശത്തേക്ക് റോഡ് പണിയും ആരംഭിച്ചു. പദ്ധതി പ്രദേശത്തേക്ക് സാധനസാമഗ്രികൾ എത്തിക്കാനുള്ള റോഡുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടക്കുക. അതു കഴിഞ്ഞാൽ പണി വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. അണക്കെട്ടു പണിയുന്നതിന് ആവശ്യമായ സാധനങ്ങൾ സ്വരൂപിച്ച്കഴിഞ്ഞാൽ മഴയ്ക്ക് ശേഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പണി ആരംഭിക്കും. അണക്കെട്ട് പണിയുന്ന സ്ഥലത്ത് വെള്ളം കയറിയതിനാലാണ് പ്രവൃത്തി നീണ്ടുപോകുന്നത്. നെച്ചിപ്പാടം കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതി കരാർ എടുത്തിരിക്കുന്നത്.13കോടിരൂപ ചെലവിൽ നിർമിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിനുകീഴിലുള്ള ഹൈഡ്രോ ഇലക്ട്രിക്കൽ കമ്പനിയാണ് മേൽനോട്ടം വഹിക്കുന്നത്. രണ്ട് വർഷത്തിനകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ ഇ സി പത്മരാജൻ, കമ്പനി സെക്രട്ടറി അജിത്ത്, ജില്ലാ പഞ്ചായത്തംഗം എ ടി ഔസേഫ് എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 21നാണ് വൈദ്യുതി മന്ത്രി എം എം മണി ജലവൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത്.