14 April Wednesday
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കമായി

കരുതലിൽ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ഉറപ്പാണ് ഉത്തരം ... ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികൾ ഹാളിൽ കയറും മുമ്പ് പാഠപുസ്തകം അവസാനവട്ടം വായിച്ച് പരസ്പരം സംശയങ്ങൾ പരിഹരിക്കുന്നു

 പാലക്കാട്‌ 

കോവിഡ്‌ഭീതിക്കിടെ അതീവ ജാഗ്രതയോടെ എസ്‌എസ്‌എൽസി, പ്ലസ്ടു പരീക്ഷകൾക്ക്‌ തുടക്കമായി. ഓൺലൈനിൽ പഠിച്ചതിന്റെ പരിമിതി മറികടന്ന്‌ മികച്ച രീതിയിൽ പരീക്ഷയെഴുതാൻ കഴിഞ്ഞുവെന്ന്‌ വിദ്യാർഥികൾ പറയുന്നു. കോവിഡ്‌മാനദണ്ഡം പാലിച്ച്‌ സ്‌കൂളുകളിൽ കൈകൾ അണുവിമുക്തമാക്കാനും ശരീരതാപം പരിശോധിക്കാനുമൊക്കെ സൗകര്യമൊരുക്കി. എല്ലാ വിദ്യാർഥികളും മാസ്‌ക്‌ ധരിച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തി. 
ഒരു ക്ലാസിൽ പരമാവധി 20 കുട്ടികൾ എന്ന ക്രമത്തിലാണ്‌ ക്ലാസ്‌ മുറികൾ തയ്യാറാക്കിയത്‌. പനിലക്ഷണം ഉള്ളവർ, കോവിഡ്‌ നിരീക്ഷണത്തിലുള്ളവർ, കോവിഡ്‌ ബാധിതർ തുടങ്ങിയവർക്ക്‌ പരീക്ഷയെഴുതാൻ പ്രത്യേകം ക്ലാസ്‌മുറികൾ സജ്ജമാക്കി. വിദ്യാർഥികൾക്കൊപ്പമെത്തിയ രക്ഷിതാക്കളെ സ്‌കൂൾവളപ്പിൽ പ്രവേശിപ്പിച്ചില്ല. 
എസ്‌എസ്‌എൽസിക്ക് 38,957 വിദ്യാർഥികളും പ്ലസ്‌ടുവിന്‌ 31,352 വിദ്യാർഥികളുമാണ്‌ പരീക്ഷയെഴുതുന്നത്‌.  കൂടാതെ 323 ടെക്‌നിക്കൽ ഹൈസ്‌കൂൾവിദ്യാർഥികളും 13 സ്‌പെഷ്യൽ സ്‌കൂൾവിദ്യാർഥികളും പരീക്ഷയെഴുതി.
തുടക്കം കുഴപ്പമില്ല
ആദ്യപരീക്ഷ കുഴപ്പമില്ല. പാഠഭാഗങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ തന്നെയായിരുന്നു. ഇത് അടുത്ത പരീക്ഷകൾക്ക് ആത്മവിശ്വാസം നൽകുന്നു. ഓൺലൈനിൽ പഠിച്ചതിന്റെ പരിമിതികൾ ഉണ്ടായിരുന്നു. അധ്യാപകർ പരീക്ഷ തലേന്നുൾപ്പെടെ നിർദേശങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി തന്നിരുന്നു. ഇത് പരീക്ഷയ്ക്ക് സഹായകരമായി. അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
സഞ്ജയ് കൃഷ്ണ,
ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട് 
എളുപ്പം
ഫോക്കസ് ഏരിയയിൽനിന്നുള്ള ചോദ്യങ്ങളായിരുന്നു അധികവും. എഴുതാനും എളുപ്പമായിരുന്നു. കൂട്ടുകാർക്കും അങ്ങനെ തന്നെയാണെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരീക്ഷ വന്നതിനാൽ പഠിക്കാൻ കൂടുതൽ സമയം കിട്ടി. അധ്യാപകർ കൃത്യമായി ഓൺലൈനിൽ ക്ലാസെടുത്തിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങളെ പരീക്ഷയ്‌ക്ക് മികച്ച രീതിയിൽ തയ്യാറാക്കാൻ സ്കൂൾ അധികൃതർക്കായി. 
 
പി എസ് അനീന,
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൊടുമുണ്ട

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top