20 September Friday

നാടിളക്കി യുവജനമുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 പാലക്കാട്‌/ ഇടുക്കി

‘ വർഗീയത വേണ്ട, ജോലി 
മതി ’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന യൂത്ത്‌സ്‌ട്രീറ്റിന്റെ പ്രചാരണാർഥമുള്ള സംസ്ഥാനജാഥകൾ പ്രയാണം തുടരുന്നു. 
ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് നയിക്കുന്ന തെക്കൻ മേഖലാ ജാഥ  ഇടുക്കി ജില്ലയിലാണ്‌ പര്യടനം നടത്തുന്നത്‌.  ആദ്യസ്വീകരണം ബുധനാഴ‌്ച രാവിലെ വണ്ടിപ്പെരിയാറിലായിരുന്നു. കോരിച്ചൊരിയുന്ന മഴയിലും വൻപ്രകടനത്തോടെ നൂറുകണക്കിന‌് യുവാക്കൾ ചേർന്ന്‌ ജാഥയെ സ്വീകരിച്ചു. പീരുമേട‌് ബ്ലോക്ക‌് കമ്മിറ്റി തയ്യാറാക്കിയ, ജാഥാംഗങ്ങളുടെ ഛായാചിത്രങ്ങൾ കൈമാറി. തുടർന്ന്‌ നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളിലെ വരവേൽപ്പിനുശേഷം വൈകിട്ട്‌ തൊടുപുഴയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ മാനേജർ എ‌സ‌് കെ സജീഷ്‌, അംഗങ്ങളായ വി കെ സനോജ‌്, ഡോ. പ്രിൻസി കുര്യാക്കോസ‌്, എം വിജിൻ, ഷിജുഖാൻ, ഇടുക്കി ജില്ലാ സെക്രട്ടറി രമേഷ്‌ കൃഷ്‌ണൻ, പ്രസിഡന്റ്‌ പി പി സുമേഷ്‌ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻമേഖലാ ജാഥ പാലക്കാട്‌ ജില്ലയിലെ പര്യടനം പൂർത്തിയാക്കി.  ബുധനാഴ്‌ച രാവിലെ കൊടുമ്പിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന്‌ ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാക്യാപ്‌റ്റനു പുറമെ മാനേജർ കെ യു ജനീഷ്‌കുമാർ, കെ പ്രേംകുമാർ, ഗ്രീഷ്‌മ അജയഘോഷ്‌, ജയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന യുവാക്കളുമായി ജാഥാക്യാപ്‌റ്റനും അംഗങ്ങളും ചർച്ച നടത്തി.
 
പ്രധാന വാർത്തകൾ
 Top