20 April Tuesday
■ എസ്എസ്എൽസിക്ക് 38,957 പേർ ■ പ്ലസ്ടുവിന് 32,500

പരീക്ഷയ്ക്ക് ഒരുങ്ങി

സ്വന്തം ലേഖികUpdated: Thursday Apr 8, 2021

എസ്എസ്എല്‍സി–പ്ലസ്ടു പരീക്ഷയോടനുബന്ധിച്ച് പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ക്ലാസ് മുറികൾ ഒരുക്കുന്നു

പാലക്കാട്
എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷയ്‌ക്ക്‌ വ്യാഴാഴ്‌ച തുടക്കം. ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 196 കേന്ദ്രങ്ങളിലായി 38,985 വിദ്യാര്‍ഥികളാണ്‌  എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌. ഇതില്‍ 19,997 ആണ്‍കുട്ടികളും 18,988 പെണ്‍കുട്ടികളുമാണ്‌. കൂടാതെ 323 ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 13 സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പരീക്ഷയെഴുതുന്നു. 
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ  17,689 വിദ്യാര്‍ഥികളും ഒറ്റപ്പാലത്ത്‌ 12,428പേരും മണ്ണാര്‍ക്കാട്‌ 8,868 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍പേർ പരീക്ഷ എഴുതുന്നത് പാലക്കാട് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. 904പേർ. കുറവ് ഷൊര്‍ണൂര്‍ ഗണേശ്‌ഗിരി ഗവ. ഹൈസ്‌കൂളിലും, 13പേർ.‌
ഹയർ സെക്കൻഡറി വിഭാഗത്തിൽ 146 കേന്ദ്രങ്ങളിലായി 31,352 വിദ്യാർഥികൾ‌ പരീക്ഷയെഴുതും. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അതീവ സുരക്ഷയിലായിരിക്കും‌ പരീക്ഷ. ഓൺലൈൻ ക്ലാസുകളിലൂടെ പഠിച്ച വിദ്യാർഥികളുടെ ആദ്യ പൊതുപരീക്ഷയാണിത്‌. ജൂൺ മുതൽ ലഭിച്ച വിദഗ്‌ധ അധ്യാപകരുടെ ക്ലാസും ജനുവരി മുതൽ സ്‌കൂളിൽനിന്ന്‌ ലഭിച്ച അധ്യാപകരുടെ സഹകരണവുമൊക്കെ വിദ്യാർഥികൾക്ക്‌ സഹായകമായി‌. 
വ്യാഴാഴ്‌ച എസ്‌എസ്‌എൽസിക്ക്‌ മലയാളമാണ്‌ ആദ്യപരീക്ഷ. പകൽ 1.40 മുതൽ 3.30വരെയാണ്‌ പരീക്ഷ. ഒമ്പതിന്‌ പകൽ 2.40 മുതൽ 4.30 വരെയും 12ന്‌ പകൽ 1.40 മുതൽ 4.30വരെയും പരീക്ഷ നടക്കും. 15,19, 21,27,28,29 തീയതികളിൽ രാവിലെ 9.40 മുതലാണ്‌ പരീക്ഷ. എട്ടു മുതൽ 26വരെയാണ്‌ ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ.
പരീക്ഷാപേപ്പറുകൾ ട്രഷറികളിലും സ്ട്രോങ് റൂമിലുമായി സൂക്ഷിച്ചിരിക്കുകയാണ്‌. പരീക്ഷാദിവസം രാവിലെ അതീവ സുരക്ഷയിൽ സ്‌കൂളുകളിലെത്തിക്കും. കെഎസ്‌ടിഎ നേതൃത്വത്തിൽ എല്ലാ സ്‌കൂളിലും പരീക്ഷാസഹായ ‘ഹെൽപ്‌ ഡെസ്‌ക്‌’ തയ്യാറാക്കിയിട്ടുണ്ട്‌.  
2020ൽ 38,714 പേരാണ്‌ എസ്‌എസ്‌എൽസി പരീക്ഷയെഴുതിയത്‌. 98.74 ശതമാനമാണ്‌ വിജയം. കോവിഡ്‌ വ്യാപനത്തിനിടെ നടന്ന പരീക്ഷയിൽ ജില്ലയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ വിജയമാണ്‌ കഴിഞ്ഞ വർഷം നേടിയത്‌. 13–-ാം സ്ഥാനത്തുനിന്ന്‌ 10 സ്ഥാനത്തേക്ക്‌ വൻ കുതിപ്പും നടത്തി. ഹയർ സെക്കൻഡറി പരീക്ഷയിൽ കഴിഞ്ഞ വർഷം ജില്ല 13–-ാംസ്ഥാനത്തായിരുന്നു.  80.29 ശതമാനമായിരുന്നു വിജയം.
■ ഒരു മുറിയില്‍ 20 കുട്ടികള്‍
എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കോവിഡ്‌ മാനദണ്ഡം പാലിക്കണമെന്ന് വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. ഇവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. വിദ്യാർഥിക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ വരാന്‍ പാടുള്ളൂ. രക്ഷിതാക്കൾ സ്‌കൂൾവളപ്പിൽ പ്രവേശിക്കരുത്‌. വിദ്യാർഥികൾ കൂട്ടംകൂടുന്നത്‌ ഒഴിവാക്കണം. പരീക്ഷയ്ക്ക്‌ മുമ്പും ശേഷവും ക്ലാസ്‌ മുറികൾ അണുനശീകരണം നടത്തും. 
ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർഥികളുടെ എണ്ണം 20ആണ്‌. പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷയെഴുതിക്കും. പേന, പെൻസിൽ തുടങ്ങിയവ കൈമാറരുത്‌. കോവിഡ്‌ ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top