സ്വന്തം ലേഖകൻ
പാലക്കാട്
ജില്ലയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. രണ്ടാഴ്ചമുമ്പ് പ്രതിദിന കോവിഡ് കേസ് 100ൽതാഴെയായിരുന്നിടത്ത് 200നടുത്താണ് നിലവിൽ കേസുകൾ. ഇത് മൂന്നാഴ്ചയ്ക്കകം 300കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചികിത്സാസൗകര്യങ്ങൾ പര്യാപ്തമാണെങ്കിലും കേസുകൾ വർധിക്കുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പും ഉത്സവങ്ങളും കോവിഡ് വ്യാപനത്തിന് ഇടയാക്കി. കോവിഡ് പരിശോധനയ്ക്ക് ആളുകൾ വൈമുഖ്യം കാണിക്കുന്നതും വ്യാപനത്തിന് ഇടയാക്കുന്നു. നേരത്തേ പ്രതിനിദം 4000ത്തിനടുത്ത് ആളുകൾ കോവിഡ് പരിശോധന നടത്തിയെങ്കിൽ നിലവിൽ 2,500ആയി കുറഞ്ഞു. ഗുരുതരപ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് പരിശോധനയ്ക്ക് എത്തുന്നത്. അതുകൊണ്ട്തന്നെ പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയുമുണ്ട്. നിലവിൽ 1600ൽ കൂടുതൽപേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
പരിശോധന വ്യാപിപ്പിക്കുകയാണ് കോവിഡ് വ്യാപനം തടയാനുള്ള പ്രധാന വഴി. ഇതിനായി മെഡിക്കൽ കോളേജിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. കൊല്ലങ്കോട്, ആലത്തൂർ, ചാലിശേരി തുടങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന സാമ്പിൾ മെഡിക്കൽ കോളേജിൽ പരിശോധിക്കും. മൂന്നിടങ്ങളിലും എല്ലാ പ്രവൃത്തിദിവസങ്ങളിലും സാമ്പിൾ ശേഖരിക്കുന്നുണ്ട്. ആർക്കും ഇവിടെയെത്തി സാമ്പിൾ നൽകാം. സാമ്പിൾ മെഡിക്കൽ കോളേജിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കി ഒരു ദിവസംകൊണ്ട്തന്നെ ഫലം നൽകും. മെഡിക്കൽ കോളേജിൽ നേരിട്ടെത്തി സാമ്പിൾ നൽകാനാകില്ല. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ ക്രമീകരണം.
കോവിഡ് വാക്സിൻ നൽകാൻ വിപുലമായ ക്രമീകരണമാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടക്കുന്നുണ്ട്. ഇവയ്ക്ക് മികച്ച പ്രതികരണമാണ്. പ്രതിദിനം 12000ത്തിനടുത്ത് ആളുകൾ വാക്സിൻ സ്വീകരിക്കുന്നു. വാക്സിൻ വിതരണം വിപുലീകരിച്ചും പരിശോധന ശക്തമാക്കിയും വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലേക്ക് കടക്കുകയാണ് ആരോഗ്യവകുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..