28 May Thursday

നിർമാണത്തൊഴിലാളികൾക്ക്‌ 10 കോടിയുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 

പാലക്കാട്‌
പണിയില്ലാതെ, എങ്ങനെ ജീവിതം മുന്നോട്ടു നീക്കുമെന്നാലോചിച്ച്‌ പകച്ചു നിൽക്കുന്ന   നിർമാണ തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ. 
കേരള നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്‌ത ജില്ലയിലെ 2.16 ലക്ഷം തൊഴിലാളികൾക്കുള്ള  ആയിരം രൂപ സഹായം തിങ്കളാഴ്‌ച മുതൽ ലഭിച്ചു തുടങ്ങി. ഇതിനായി ജില്ലയ്‌ക്ക്‌  അനുവദിച്ചത്‌ പത്തുകോടി രൂപയാണ്‌.  
ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ട് വർഷം പൂർത്തിയാക്കിയവരും 2019ൽ  രജിസ്‌ട്രേഷൻ പുതുക്കിയവർക്കുമാണ്‌ സഹായധനം ലഭിക്കുക. തൊഴിലാളികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ തുക എത്തുക. അക്കൗണ്ട്‌  നൽകാത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ യൂണിയനുകൾക്ക്‌ ചുമതല നൽകി. ബാങ്ക്‌ പാസ്‌ബുക്ക്‌, ആധാർ കാർഡ്‌ തുടങ്ങിയവയുടെ പകർപ്പ്‌ ക്ഷേമനിധി ബോർഡിൽ എത്തിക്കണം. എന്നാൽ ഫോട്ടോസ്‌റ്റാറ്റ്‌ കടകളും അക്ഷയ കേന്ദ്രങ്ങളും തുറക്കാത്തത്‌ പ്രതിസന്ധിയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ തൊഴിലാളികളിൽ നിന്ന്‌ സത്യപ്രസ്‌താവനയോ മറ്റോ എഴുതി വാങ്ങിയശേഷം സഹായധനം നൽകണമെന്നാണ്‌ നിർമാണത്തൊഴിലാളി യൂണിയന്റെ (സിഐടിയു) ആവശ്യം. 
രജിസ്‌റ്റർ ചെയ്‌ത 2.16 ലക്ഷം തൊഴിലാളികളെ കൂടാതെ രജിസ്‌ട്രേഷൻ ചെയ്യാത്ത ഒരു ലക്ഷം തൊഴിലാളികൾ കൂടി ഈ രംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌. ആകെ തൊഴിലാളികളുടെ 60 ശതമാനവും സ്‌ത്രീകളാണ്‌. ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത 28,000 അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷവും നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്‌. 
അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമവും വിലക്കയറ്റവും കാരണം പ്രതിസന്ധിയിലായ നിർമാണ മേഖലയ്‌ക്ക്‌ ലോക്ക്‌ഡൗൺ കനത്ത തിരിച്ചടിയായി. വല്ലപ്പോഴും കിട്ടിയിരുന്ന ജോലിയും ഇല്ലാതായി. സർക്കാരിൽനിന്ന്‌ കിട്ടുന്ന റേഷൻ കൊണ്ടാണ്‌ മിക്ക കുടുംബങ്ങളിലും അടുപ്പ്‌ പുകയുന്നത്‌.

 

പ്രധാന വാർത്തകൾ
 Top