24 July Saturday

കൈപൊള്ളില്ല; പച്ചക്കറി യഥേഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പാലക്കാട്‌
നിയന്ത്രണം രണ്ടാഴ്‌ച പിന്നിടുമ്പോൾ വില വർധനയില്ലാതെ പച്ചക്കറിവിപണി. പാലക്കാട്‌ വലിയങ്ങാടിയിൽ പലയിനം പച്ചക്കറികൾക്കും കിലോയ്‌ക്ക്‌ ചില്ലറവിൽപ്പന വില 20 –- 30 രൂപയാണ്‌. മൊത്തവില ഇതിലും കുറയും. 
ഇവിടെനിന്നു നാട്ടിൻപുറങ്ങളിൽ എത്തിച്ചു വിൽക്കുന്നവർ ഉയർന്ന വില ഈടാക്കുന്നതായി പരാതിയുണ്ട്‌. വാഹനങ്ങൾ ഉയർന്ന വാടകവാങ്ങുന്നതും പച്ചക്കറി കൂടുതലായി നശിക്കുന്നതും കാരണമാണ്‌ കൂടുതൽ വില ഈടാക്കേണ്ടിവരുന്നതെന്നു ചെറുകിട കച്ചവടക്കാർ പറയുന്നു. 
ആവശ്യക്കാർ കുറഞ്ഞതിനാൽ പച്ചക്കറിയുടെ വരവ്‌ കുറഞ്ഞു. ജില്ലയിലെ  പ്രധാന മാർക്കറ്റായ വലിയങ്ങാടിയിൽ സാധാരണദിവസം 35 ലോഡിലധികം എത്തിയിരുന്നെങ്കിൽ ഇപ്പോൾ എട്ടു ലോഡാണ്‌ എത്തുന്നത്‌. ഗുരുവായൂർ, ഇരിങ്ങാലക്കുട, കുമരനെല്ലൂർ, മണ്ണുത്തി, തൂത, കരിങ്കല്ലത്താണി, താഴേക്കോട്‌  തുടങ്ങി  തൃശൂർ ജില്ലയിലെ  വിവിധയിടങ്ങളിലും വലിയങ്ങാടിയിൽ നിന്നു പച്ചക്കറി എത്തിച്ചിരുന്നു. എന്നാലിപ്പോൾ പാലക്കാട്‌ ജില്ലയിൽ മാത്രമാണ്‌ വിതരണം. 
ഒട്ടൻഛത്രം, പുളിയംപട്ടി, മേട്ടുപ്പാളയം, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്‌ രണ്ടു ലോഡ്‌ വീതമാണ്‌ ഇപ്പോൾ എത്തുന്നത്‌. എല്ലാ ഇനങ്ങളും ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്ന്‌ പച്ചക്കറി കച്ചവടക്കാർ പറഞ്ഞു. 
ചിപ്‌സ്‌ വറുക്കൽ കുറഞ്ഞതോടെ നേന്ത്രക്കായ വിൽപ്പന കുറഞ്ഞെന്ന്‌ വലിയങ്ങാടിയിലെ മൊത്തവ്യാപാരി  കെ ബാലകൃഷ്‌ണൻ പറയുന്നു. സത്യമംഗലം, ട്രിച്ചി എന്നിവിടങ്ങളിൽ നിന്ന്‌ നേന്ത്രക്കുലകളും തൂത്തുക്കുടിയിൽ നിന്ന്‌ ചെറുകായയും ആവശ്യത്തിലേറെ എത്തുന്നു. 
 നേന്ത്രക്കായക്ക്‌ 20 മുതൽ 22 വരെ വിലയുണ്ടായിരുന്നിടത്ത്‌ 15 ആയി കുറഞ്ഞു. നേന്ത്രപ്പഴത്തിന്‌ 30 രൂപയാണ്‌. ജില്ലാതിർത്തി വരെ മുമ്പ്‌ കുല എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഒറ്റപ്പാലം വരെ മാത്രമായി ചുരുങ്ങി.
പലചരക്കു കടകളിലും വില വർധിച്ചിട്ടില്ല. കടകളിലേക്ക് മുമ്പ്‌ ലോറിയിൽ സാധനം എത്തിക്കുകയായിരുന്നു. ഇപ്പോൾ ലോറിയുമായി പോയി  കൊണ്ടുവരണം. ലോറി വാടകയിൽ വർധനയുണ്ടായതിനാൽ ചിലയിനങ്ങൾക്ക്‌ നേരിയ വിലവർധനയുണ്ടെന്നും കച്ചവടക്കാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top