03 February Friday
കർഷകർക്ക്‌ ആശ്വാസം

സഹകരണ വകുപ്പ്‌ 6,500 കിലോ തക്കാളി സംഭരിച്ചു

സ്വന്തം ലേഖികUpdated: Tuesday Dec 6, 2022
പാലക്കാട്‌
വിലയിടിവിൽ നട്ടം തിരിഞ്ഞ തക്കാളി കർഷകർക്ക്‌ ആശ്വാസമേകി സഹകരണ വകുപ്പിന്റെ സംഭരണം. മൂന്നുദിവസത്തിനിടെ വേലന്താവളം, വടകരപ്പതി എന്നിവിടങ്ങളിൽനിന്ന്‌ 6,500 കിലോ തക്കാളി സംഭരിച്ച്‌ ജില്ലയുടെ മറ്റ്‌ ഭാഗങ്ങളിലേക്കും ആവശ്യപ്പെട്ട ജില്ലകളിലും എത്തിച്ചു. കർഷകന്‌ കിലോയ്‌ക്ക്‌ 15 രൂപ നൽകിയാണ്‌ സംഭരണം. 
കർഷകരിൽനിന്ന്‌ സഹകരണ വകുപ്പ്‌ സംഭരിച്ചുതുടങ്ങിയതോടെ പൊതു മാർക്കറ്റിൽ വിൽക്കുമ്പോൾ കർഷകർക്ക്‌ ലഭിക്കുന്ന തുക പത്തുമുതൽ 12 രൂപ വരെയെത്തി. കർഷകർക്ക്‌ ലഭിക്കുന്ന തുക ഒരുരൂപ വരെ താഴ്‌ന്ന അവസ്ഥയിൽനിന്നാണ്‌ സർക്കാർ ഇടപെടലിലൂടെ ഗുണമുണ്ടായത്‌. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന്‌ തക്കാളി കർഷകരെ രക്ഷിക്കാനും വിപണി ഇടപെടലിലൂടെ സാധിച്ചു.
സഹകരണ വകുപ്പ്‌ അധികൃതർ നേരിട്ട്‌ കർഷകരുടെ അടുത്തെത്തി സംഭരിച്ച്‌ മറ്റ്‌ സഹകരണ സംഘങ്ങൾക്ക്‌ കൈമാറുകയാണ്‌ ചെയ്യുന്നത്‌. തണ്ണീരങ്കാട്‌ സഹകരണ ബാങ്ക്‌ 1,500 കിലോ തക്കാളി സംഭരിച്ചു. ആലത്തൂർ സർക്കിൾ സഹകരണ യൂണിയനിലേക്ക്‌ 500 കിലോയും പാലക്കാട്‌ സർക്കിളിലേക്ക്‌ 1,000 കിലോയും മണ്ണാർക്കാട്‌ റൂറൽ ബാങ്കിലേക്ക്‌ 1,300 കിലോയും തക്കാളി ഇതിനകം എത്തിച്ചു. തൃശൂർ ജില്ലയിലേക്ക്‌ 2,200 കിലോ തക്കാളി നൽകി. എറണാകുളം ജില്ലയിൽനിന്ന്‌ ഓർഡർ കിട്ടിയിട്ടുണ്ട്‌. ചൊവ്വാഴ്‌ച പാലക്കാട്‌ സർക്കിളിലേക്ക്‌ ആയിരം കിലോയും ആലത്തൂരിലേക്ക്‌ 500 കിലോയും നൽകും.
സഹകരണ ജെആർ പി ഉദയൻ, പ്ലാനിങ് എആർ പി ഹരിപ്രസാദ്‌, എആർ രമേഷ്‌കുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച വേലന്താവളത്ത്‌ തക്കാളിത്തോട്ടം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top