പാലക്കാട്
ഇന്ദ്രൻസ് നായകനായ "പൊരിവെയിൽ' സിനിമയെ തിയറ്ററുകൾ അവഗണിക്കുന്നതായി സംവിധായകൻ ഫാറൂക്ക് അബ്ദുൽ റഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിലീസിന് മുമ്പ് 35 തിയറ്ററുകൾ റിലീസ് ചെയ്യാമെന്ന് സമ്മതിച്ചതാണ്. കിട്ടിയത് 15 തിയറ്റർ മാത്രം. ബാഹ്യഇടപെടലുകൾ കൊണ്ടാണ് തിയറ്ററുകളുടെ എണ്ണം കുറഞ്ഞത്. കെഎസ്എഫ്ഡിസിയുടെ മുഴുവൻ തിയറ്ററുകൾ പോലും സിനിമയ്ക്ക് ലഭിച്ചില്ല. തൃശൂരും കോഴിക്കോടും കെഎസ്എഫ്ഡിസിയുടെ തിയറ്റർ അനുവദിച്ചെങ്കിലും രാത്രി ഒമ്പതിന് ശേഷമുള്ള ഷോയാണുള്ളത്. ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സമയത്ത് രാത്രി ഷോ അനുവദിച്ചിട്ട് കാര്യമില്ലെന്നും പകൽ ഷോ ലഭിക്കാത്തത് സിനിമയോടുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം രണ്ടിന് പ്രദർശനത്തിന് എത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണുള്ളത്. എന്നാൽ തിയറ്ററുകളിൽനിന്ന് സിനിമ ഒഴിവാക്കാൻ ശ്രമം നടക്കുന്നു. എറണാകുളത്തും പാലക്കാടും നഗരത്തിൽ ഒരു തിയറ്റർ പോലും സിനിമ പ്രദർശിപ്പിച്ചില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കെഎസ്എഫ്ഡിസിയുടെ തിയറ്ററുകളിൽ സിനിമ കാണിക്കാൻ അവസരമൊരുക്കണമെന്നും ഫാറൂക്ക് അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കെഎസ്എഫ്ഡിസി ചെയർമാൻ എന്നിവർക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..