15 August Monday

മഴയൊഴിയാതെ

സ്വന്തം ലേഖകൻUpdated: Saturday Aug 6, 2022
പാലക്കാട് 
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരന്തരം പെയ്യുന്ന മഴ നാശനഷ്ടം വരുത്തി. വെള്ളം കയറിയ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാമേഖലയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെള്ളി രാവിലെ എട്ടരവരെ ശരാശരി 71 മില്ലി മീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐആർടിസി അധികൃതർ അറിയിച്ചു. കൊല്ലങ്കോട് മേഖലയിൽ മഴ ശക്തി കുറഞ്ഞു. നെൽപ്പാടങ്ങളിലെയും കൃഷിസ്ഥലങ്ങളിലെയും വെള്ളക്കെട്ട് താഴ്ന്നു. പാലങ്ങൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ട ചാത്തമംഗലം, കോഴിക്കോട് പാലങ്ങളിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു. പോത്തുണ്ടി അണക്കെട്ടിലെ പുഴയിലേക്ക് തുറന്ന ഷട്ടറുകൾ 53 സെന്റീ മീറ്ററായി തുടരുകയാണ്‌.  
ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിലായി 108 കുടുംബങ്ങളിലെ 282പേർ എട്ട്‌ ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നു. ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതിയിൽ പാടഗിരി പാരിഷ് പള്ളിയിൽ 12 കുടുംബങ്ങളിലെ 29പേരെയും(19 സ്ത്രീകൾ, 6 പുരുഷൻമാർ, 4 കുട്ടികൾ, മുതിർന്നവർ 9), കയറാടി വില്ലേജിലെ വീഴ്‌ലിയിൽ ചെറുനെല്ലിയിൽനിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17പേരെ പട്ടികവർഗ വികസന വകുപ്പ്‌  നിർമിച്ച മൂന്ന് വീടുകളിലെയും (12 സ്ത്രീകൾ, 4 പുരുഷൻമാർ, ഒരുകുട്ടി) ആളുകളെ മാറ്റിപ്പാർപ്പിച്ചു. മണ്ണാർക്കാട് താലൂക്ക് പൊറ്റശേരി വില്ലേജ് –-1ൽ ഗവ. ഹൈസ്‌കൂളിൽ 37 കുടുംബങ്ങളിലെ 105 പേരെയും(39 സ്ത്രീകൾ, 35 പുരുഷൻമാർ, 31 കുട്ടികൾ) പൊറ്റശേരി വില്ലേജ്–-1ൽ പുളിക്കൽ ഗവ. യു പി സ്‌കൂളിൽ 30 കുടുംബങ്ങളിലെ 82പേരെയും(34 സ്ത്രീകൾ, 31 പുരുഷൻമാർ, 17 കുട്ടികൾ), പാലക്കയം പാമ്പൻതോട് അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ എട്ടുപേർ(നാല് സ്ത്രീകൾ, 2 പുരുഷൻ, 2 കുട്ടികൾ) പൊറ്റശേരി വില്ലേജ്–-1ൽ പാമ്പൻതോട് ഹെൽത്ത് സെന്ററിൽ  അഞ്ച് കുടുംബങ്ങളിലെ 11പേർ( 4 സ്ത്രീകൾ,2 പുരുഷൻമാർ 5 കുട്ടികൾ) ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ്–-2ൽ ഓടൻതോട് സെന്റ് ജൂഡ് ചർച്ചിൽ എട്ട് കുടുംബങ്ങളിലെ 11 പേരെയും(7 സ്ത്രീകൾ‍, നാല് പുരുഷൻമാർ)മാറ്റിപ്പാർപ്പിച്ചു.
അട്ടപ്പാടി ഷോളയൂർ വില്ലേജിലെ ചിറ്റൂർ പാരിഷ് ഹാളിൽ ഏഴ് കുടുംബങ്ങളിലെ 19 പേരെ(10 പുരഷന്മാർ , 9 സ്ത്രീകൾ) മാറ്റിപ്പാർപ്പിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
 
അട്ടപ്പാടിയിൽ ആശങ്ക 
അഗളി
മഴ കനത്തതോടെ അട്ടപ്പാടിയിൽ നിന്നും പുറത്തേക്കുള്ള ഏക യാത്രാ മാർഗമായ ചുരം റോഡിൽ അപകടഭീഷണി. ഒരു കോടിയോളം രൂപ ചിലവിട്ട് ചുരത്തിലെ നാലും അഞ്ചും വളവിന് ഇടയിൽ റോഡിന്റെ അരിക് ഇടിഞ്ഞ ഭാഗത്ത് നിർമ്മിച്ച ഗാബിയോൺ കരിങ്കൽ ഭിത്തിയാണ് അപകട ഭീഷണിയുയർത്തുന്നത്. മഴവെള്ളം ഒലിച്ചിറങ്ങി ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നതാണ് അപകടാവസ്ഥക്ക് കാരണം. 98 ലക്ഷം രൂപ ചിലവിട്ട് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മാസമാണ് ഈ കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 40 മീറ്റർ നീളത്തിലും പല തട്ടുകളിലായി 25 മീറ്റർ അധികം ഉയരത്തിലും നിർമിച്ച കെട്ടിന്റെ ഒരു ഭാഗമാണ് മണ്ണിടിച്ചിൽ ഭീഷണിയാകുന്നത്. മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച് വെള്ളം മണ്ണിലിറങ്ങുന്നത് തടയാൻ ശ്രമിച്ചിട്ടുണ്ട്. 
കാരറ ആനഗദ്ദ തോട്ടത്തിൽ കമലം സുന്ദരന്റെ (തത്തക്കുട്ടി) വീടിന് മുകളിലേക്ക് മരം വീണ് പൂർണമായി തകർന്നു. പാക്കുളത്ത് വിനോദിന്റെ വീടിന് മുകളിൽ മരംവീണു. കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആനക്കല്ല് ചെമ്മണ്ണൂർ റോഡിൽ വൈദ്യുതി തൂണുവീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റൂർ പോത്തുപ്പാടിയിലും മഴയിൽ വൈദ്യുതിത്തൂൺ വീണു. ഷോളയൂർ പഞ്ചായത്ത് കുറവൻപാടി വാർഡിലുള്ള 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  വാർധക്യ സഹജമായ അസുഖങ്ങളുള്ള അഞ്ച് പേരെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മുൻ കരുതലിന്റെ ഭാഗമായി മാറ്റി. 
ഒറ്റപ്പാലം സബ് കലക്ടർ ഡി ധർമ്മലശ്രീ, തഹസിൽദാർ പി എ ഷാനവാസ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കെ മാത്യു, ഷോളയൂർ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങൾ സിനി മനോജ്, ജി രാധാകൃഷ്ണൻ, അനിത ജയൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top