15 August Monday

മലമ്പുഴയും തുറന്നു; 
നീരൊഴുക്ക്‌ ശക്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച മലമ്പുഴ ഡാം തുറന്നപ്പോൾ പടം: പി വി സുജിത്

പാലക്കാട്‌
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ നീരൊഴുക്ക്‌ കൂടിയ സാഹചര്യത്തിൽ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. നാല്‌ ഷട്ടറും പത്ത്‌ സെന്റീമീറ്റർ വീതമാണ്‌ ഉയർത്തിയത്‌. മലമ്പുഴ വൃഷ്ടി പ്രദേശത്ത്‌ ശക്തമായ മഴ പെയ്‌തതോടെ രാവിലെ ഷട്ടർ ഉയർത്തുമെന്ന്‌ അറിയിച്ചിരുന്നു. രാവിലെ മുതൽ മഴ പെയ്യാത്തതിനാൽ ഷട്ടർ ഉയർത്തൽ മാറ്റി. വീണ്ടും മഴ പെയ്‌തതോടെ പകൽ 3.15 ഓടെ ഷട്ടർ ഉയർത്തി. 112.35 മീറ്ററിൽ വെള്ളമെത്തിയപ്പോഴാണ്‌ ഷട്ടർ തുറന്നത്‌. റൂൾ കർവ്‌ ലെവൽ 112.99 മീറ്ററാണ്‌.
നിലവിൽ കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ശിരുവാണി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്‌. കാഞ്ഞിരപ്പുഴയുടെ മൂന്ന് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം തുറന്നിരിക്കുന്നു. മംഗലം ഡാമിന്റെ ആറിൽ മൂന്ന്‌ ഷട്ടർ 90 സെന്റീമീറ്റർ വീതവും മൂന്ന് സ്പിൽവേ ഷട്ടർ 36 സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്‌. പോത്തുണ്ടിയുടെ മൂന്ന് സ്പിൽവേ ഷട്ടർ 53 സെന്റീമീറ്റർ വീതം  ഉയർത്തിയിട്ടുണ്ട്‌. ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്‌. മൂലത്തറ റെഗുലേറ്ററിന്റെ 19 ഷട്ടറിൽ അഞ്ച് എണ്ണം  തുറന്നിട്ടുണ്ട്‌. ആളിയാറിന്റെ ഏഴ് ഷട്ടർ 24 സെന്റീമീറ്റർ വീതമാണ്‌ തുറന്നിട്ടുള്ളത്‌. 
 
മഴ ശക്തികുറയും
ജില്ലയിൽ മഴയുടെ ശക്തി കുറയുന്നു. ശനിയാഴ്‌ച ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്‌ക്കുള്ള സാധ്യത മാത്രമാണുള്ളത്‌. ചൊവ്വ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴപെയ്യുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 
വെള്ളി രാവിലെ എട്ടുവരെ 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ ശരാശരി 47.33 മില്ലീമീറ്റർ മഴ. പാലക്കാടാണ്‌ കൂടുതൽ  രേഖപ്പെടുത്തിയത്‌, 85.6 മില്ലീമീറ്റർ. 
മണ്ണാർക്കാട്‌ 68, ഒറ്റപ്പാലം 56, പറമ്പിക്കുളം 54, പട്ടാമ്പി 52.9, തൃത്താല 39, ആലത്തൂർ 30, കൊല്ലങ്കോട്‌ 21.6, ചിറ്റൂർ 18.9 മില്ലീമീറ്റർ എന്നിങ്ങനെയാണ്‌ പെയ്‌ത മഴ. ജൂൺ ഒന്നു മുതൽ ആഗസ്‌ത്‌ നാലു വരെ ജില്ലയിൽ പെയ്‌ത മഴ ഒമ്പത്‌ ശതമാനം കുറവാണ്‌.1065.3 -മില്ലീമീറ്റർ പെയ്യേണ്ടിടത്ത്‌  964.1 മില്ലീമീറ്ററാണ്‌ ലഭിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top