07 August Friday
കെഎസ്‌ആർടിസി പദ്ധതി

"ബസ് ഓണ്‍ ഡിമാന്റ്' പാലക്കാട്ടും

സ്വന്തം ലേഖകൻUpdated: Monday Jul 6, 2020
പാലക്കാട്
കെഎസ്‌ആർടിസി "ബസ് ഓൺ ഡിമാന്റ്' പദ്ധതി പാലക്കാട്ടും. ഒരു പ്രദേശത്തേക്ക് സ്ഥിരം യാത്ര ചെയ്യുന്നവർക്ക്‌ അവരുടെ സമയക്രമത്തിന്‌‌ ബസ്‌ സർവീസ് നടത്തുന്നതാണ് പദ്ധതി. സർക്കാർ ജീവനക്കാർ, വിവിധ കമ്പനികളിലെ ജോലിക്കാർ തുടങ്ങിയവർക്ക്‌ സ്‍കൂൾ ബസ് മാതൃകയിലാണ്‌ സർവീസ്‌. ഈ ആഴ്‍ച തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന്‌ ജില്ലാ ട്രാൻസ്‌‌പോർട്ട് ഓഫീസർ ടി എ ഉബൈദ്‌ പറഞ്ഞു. 
ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞതോടെയാണ് കെഎസ്‌ആർടിസിയുടെ പുതിയ പദ്ധതി. നെയ്യാറ്റിൻകര, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോകളിൽ വിജയിച്ച പദ്ധതിയാണ് പാലക്കാട്ടും പരീക്ഷിക്കുന്നത്. പ്രത്യേക സർവീസ്‌ വേണ്ടവർ ജില്ലയിലെ ഡിപ്പോകളിൽ വിളിച്ച് അറിയിക്കാം. എവിടെനിന്ന്‌ കയറുമെന്നും എവിടേക്കാണ് യാത്രയെന്നും എത്ര പേരുണ്ടാകുമെന്നും മുൻകൂട്ടി അറിയിക്കണം. 
തിരിച്ചുള്ള യാത്രയ്‌ക്കും സർവീസ്‌ നടത്തും. യാത്രക്കാരുടെ ബൈക്ക്, കാർ തുടങ്ങിയവ കെഎസ്ആർടിസി ഡിപ്പോകളിൽ നിർത്തിയിടാൻ സംവിധാനം ഒരുക്കും. ഡിപ്പോയിൽ സ്ഥലമില്ലെങ്കിൽ സമീപത്ത് സ്ഥലം കണ്ടെത്തും. 
ആദ്യഘട്ടത്തിൽ തൃശൂർ കാർഷിക സർവകലാശാല, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നിവിടങ്ങളിലേക്ക് പാലക്കാ‌ട്ടുനിന്ന് സർവീസ് തുടങ്ങും. കഞ്ചിക്കോട്, വാളയാർ വ്യവസായ മേഖലകളിലെ ജോലിക്കാർക്കായും സർവീസ്‌ ആലോചിക്കുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് പാലക്കാട് ന​ഗരത്തിലേക്ക് ഇത്തരം സർവീസുകൾക്ക് സാധ്യതയുണ്ട്. പ്രത്യേക നിരക്കാണ് സർവീസുകൾക്ക് ഈടാക്കുക.  പ്രത്യേക ട്രാവൽ കാർഡുകൾ കെഎസ്ആർടിസി നൽകും. സ്വന്തം വാഹനങ്ങളിൽ ജോലി സ്ഥലത്തേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. 
ഫോൺ: പാലക്കാട്: 9495099910, 8943489389. വടക്കഞ്ചേരി: 9562037804. മണ്ണാർക്കാട്: 9447996325. ചിറ്റൂർ: 9562578434.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top