03 June Wednesday

കൊറോണക്കാലം വാഴയിലയിൽ

ടി എം സുജിത്Updated: Monday Apr 6, 2020

രാജേന്ദ്രൻ വടക്കേപാടത്ത്‌ വാഴയിലയിൽ ചിത്രം വരയ്‌ക്കുന്നു

പാലക്കാട്
ലോക്ക്‌ ഡൗൺ കാലം പലതരം പരീക്ഷണങ്ങൾക്കും സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കൂടിയാണെന്ന്‌ തെളിയിക്കുകയാണ്‌ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ. ചിത്രംവരച്ചും സമൂഹമാധ്യമങ്ങളിൽ ലൈവായി പാട്ടുപാടിയും വിവിധ ചലഞ്ചുകൾ ഏറ്റെടുത്തുമാണ്‌ വീടിനുള്ളിലിരിക്കുന്നവർ ലോക്ക്‌ ഡൗൺ ആസ്വാദ്യകരമാക്കുന്നത്. ചിറ്റൂർ വടക്കേപാടം മൂച്ചിക്കൽ വീട്ടിൽ രാജേന്ദ്രൻ വടക്കേപാടത്ത് കുറച്ചുകൂടി വ്യത്യസ്തനാണ്‌. കൊറോണ വൈറസ്‌ ലോകത്തെയും ജീവിതത്തെയും എത്രമാത്രം ബാധിച്ചുവെന്നത് ചിത്രരൂപത്തിലാക്കിയിരിക്കുകയാണ് ഇയാൾ. 
പേപ്പറിലോ, തുണിയിലോ അല്ല. വാഴയിലയിലാണ് അർഥപൂർണമായ രചന.
കൊറോണ വൈറസ്‌ മനുഷ്യനെ വരിഞ്ഞുമുറുക്കിയതാണ്‌ ക്യാൻവാസിൽ മനോഹാരിതയോടെ തെളിയുന്നത്‌. ‘അകലം’ എന്ന്‌ പേരിട്ട ചിത്രം എട്ടുദിവസം കൊണ്ടാണ്‌ പൂർത്തിയാക്കിയത്‌. 
ചിറ്റൂർ ​ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‍കൂളിലെ ചിത്രകല അധ്യാപകനായ രാജേന്ദ്രൻ ബനാന ഡ്രൈ ലീഫ് പെയിന്റിങ്ങിൽ മുമ്പും കഴിവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ ആറടി നീളമുള്ള വാഴയിലയിൽ പത്മനാഭ സ്വാമിയുടെ ചിത്രം വരച്ചായിരുന്നു ശ്രദ്ധ നേടിയത്‌. തായ്‍ലൻഡ്‌ ഡിസൈനിങ്ങിൽ അക്രലിക്കും നാച്വറൽ കളറും ഉപയോ​ഗിച്ചാണ് ചിത്രരചന. 
ബനാന ഡ്രൈ ലീഫ് പെയിന്റിങ് 
പേപ്പറുകളിലെ വരകൾക്കൊപ്പം ചുറ്റും കാണുന്ന വസ്‍തുക്കളിലെല്ലാം ചിത്രം വരയ്‍ക്കാനുള്ള പരിശ്രമത്തിലായിരുന്നു രാജേന്ദ്രൻ. യാദൃശ്ചികമായാണ് വാഴയിലയിലെ വരയെക്കുറിച്ച്‌ അറിയുന്നത്. സൗത്ത് ആഫ്രിക്കയിലും കെനിയയിലുമാണ് ബനാന ഡ്രൈ ലീഫ് പെയിന്റിങ്ങിന് പ്രചാരമുള്ളത്. വാഴയില പാലിലിട്ട് ഉണക്കിയാണ് ക്യാൻവാസിൽ ഒട്ടിക്കുന്നത്. വർഷങ്ങളോളം കേടാവാതെയിരിക്കും എന്നതാണ് ഈ ചിത്രങ്ങളുടെ സവിശേഷത.
പ്രധാന വാർത്തകൾ
 Top