ഒറ്റപ്പാലം
തിരുവില്വാമല പുനർജനി ഗുഹ നൂഴാനെത്തിയ ഒമ്പതുപേർക്കും കാണാനെത്തിയ ഒരു വയോധികയ്ക്കും കടന്നൽക്കുത്തേറ്റ് ഗുരുതര പരിക്ക്. മണിമല പൊന്നലായം വീട്ടിൽ ചന്ദ്രിക (59), തൃശൂർ പെരിഞ്ഞനം സ്വദേശികളായ കണ്ടംപറമ്പത്ത് ചാലിൽ വിജയകൃഷ്ണൻ (48), തെയ്യിൽ ബൈജു (42), പത്തായക്കാട്ടിൽ സുമേഷ്, മഠത്തിൽപ്പറമ്പിൽ സഞ്ജീവൻ (41), കുന്നംകുളം സ്വദേശികളായ കാഞ്ഞിരപ്പറമ്പിൽ രാജേഷ് (43), കളത്തിൽ രഞ്ജിഷ് (38), കടവാരത്ത് വിബീഷ് (42), ഇരിപ്പശേരി വിഷ്ണു (28), കോട്ടപ്പാടത്ത് അജീഷ് (40) എന്നിവർക്കാണ് കഴുത്തിലും മുഖത്തുമുൾപ്പെടെ കുത്തേറ്റത്. സാരമായി പരിക്കേറ്റ ഒമ്പതുപേർ ഒറ്റപ്പാലം താലൂക്ക് അശുപത്രിയിലും അജീഷ് പഴയന്നൂർ ആശുപത്രിയിലും ചികിത്സതേടി.
ഞായർ രാവിലെ 7.30ന് ഗുഹ നൂഴാൻ കാത്തുനിൽക്കുന്നതിനിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കുത്തി. പിന്നീട് ഉടുമുണ്ട് ദേഹമാകെ പുതച്ചാണ് രക്ഷപ്പെട്ടത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. പിന്നീട് നൂഴൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പുനർജനി ഗുഹയുടെ അടുത്ത് രണ്ട് ശുചീകരണത്തൊഴിലാളികൾക്കും കടന്നൽക്കുത്തേറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..