17 September Tuesday
ജില്ലാ പഞ്ചായത്തിന്റെ മത്സ്യക്കൃഷി സൂപ്പർ ഹിറ്റ്‌

77 ലക്ഷം നിക്ഷേപിച്ചു, അണക്കെട്ടുകളിൽനിന്ന്‌ കോരിയെടുത്തത്‌ 3.33 കോടി

വേണു കെ ആലത്തൂർUpdated: Thursday Sep 5, 2024

മംഗലംഡാമിൽ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി കെ ചാമുണ്ണിയുടെ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു

 
പാലക്കാട്‌
നിക്ഷേപം പൊന്നായി കോരിയെടുത്ത്‌ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതസ്വപ്‌നങ്ങൾക്ക്‌ നിറം പകരുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. ഫിഷറീസ്‌ വകുപ്പിന്റെ സഹകരണത്തോടെ അണക്കെട്ടുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ വിളവെടുക്കുന്ന പദ്ധതിയിൽ അഞ്ച്‌ മടങ്ങ്‌ വരുമാനമുണ്ടാക്കി തൊഴിലാളികൾക്ക്‌ നൽകുകയാണ്‌. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പാക്കാൻ ആരംഭിച്ച മത്സ്യകൃഷി ഇന്ന്‌ കേരളത്തിന്‌ തന്നെ മാതൃകയാണ്‌. കഴിഞ്ഞ വർഷം മുതലാണ്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതിക്കായി 30 ലക്ഷം രൂപ നീക്കിവയ്‌ക്കുന്നത്‌. 
ഫിഷറീസ്‌ വകുപ്പ്‌ 14 ലക്ഷവും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ 33 ലക്ഷവും ഉൾപ്പെടെ 77 ലക്ഷം ചെലവഴിച്ചാണ്‌ പദ്ധതി തുടങ്ങിയത്‌. ജില്ലയിലെ ഏഴ്‌ ഡാമുകളിൽ വിവിധ ഇനങ്ങളിലുള്ള 149 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇവ വിളവെടുത്തപ്പോൾ 220 ടൺ മത്സ്യം ലഭിച്ചു. അതിന്‌ വിലകിട്ടിയത്‌ 3.33 കോടി രൂപ. ആറ്‌ പട്ടികജാതി –-വർഗ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ, ജനറൽ വിഭാഗത്തിലുള്ള എട്ട്‌ സ്വയം സഹായ സംഘങ്ങൾ എന്നിവയിലെ 556 ഉൾനാടൻ മത്സ്യത്തൊഴിലാളികളാണ്‌ ഇതിന്റെ ഗുണഭോക്താക്കൾ. മത്സ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനം തൊഴിലാളികൾക്കും 25 ശതമാനം സഹകരണ സംഘങ്ങളുടെ കരുതൽ ധനമായും നീക്കിവയ്‌ക്കുന്നു. 
മലമ്പുഴ, ചുള്ളിയാർ, മീങ്കര, മംഗലം, വാളയാർ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ്‌ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്‌. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്‌ മലമ്പുഴ ഡാമിൽനിന്നാണ്‌. 97.16  ടൺ മത്സ്യം ലഭിച്ചപ്പോൾ വരുമാനം 1.46 കോടി. ചുള്ളിയാറിൽ 37.7 ടൺ മത്സ്യത്തിന്‌ 57.47 ലക്ഷം വരുമാനം കിട്ടി. മീങ്കരയിൽ 48.83 ടൺ മത്സ്യം, 78.57 ലക്ഷം വരുമാനം. മംഗലംഡാമിൽ 11.12 ടൺ മത്സ്യം, 13.16 ലക്ഷം വരവ്‌.  വാളയാർ–- 17.18 ടൺ മത്സ്യം, 27.92 ലക്ഷം വരവ്‌. പോത്തുണ്ടി–- 4.8 ടൺ മത്സ്യം, 6.38 ലക്ഷം വരവ്‌. കാഞ്ഞിരപ്പുഴ 2.47 ടൺ മത്സ്യം, വരവ്‌ 34.59 ലക്ഷം. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top