24 October Thursday

2 വാർഡ്‌ പിടിച്ചെടുത്തു ആറിൽ നാലും എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2019

തെങ്കരയിൽ വിജയിച്ച എൽഡിഎഫ്‌ സ്ഥാനാർഥി സി എസ്‌ ഷനൂബിനൊപ്പം പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നു

 

 
പാലക്കാട്‌
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആറ്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിലും എൽഡിഎഫ്‌ വിജയിച്ചു. രണ്ട്‌ വാർഡ്‌ പിടിച്ചെടുക്കുകയും, രണ്ട്‌ വാർഡ്‌ നിലനിർത്തുകയും ചെയ്‌തു. യുഡിഎഫ്‌ രണ്ട്‌ വാർഡുകൾ നിലനിർത്തി. 
പല്ലശന, തെങ്കര, പൂക്കോട്ടുകാവ്‌, നെല്ലിയാമ്പതി പഞ്ചായത്ത്‌, പാലക്കാട്‌, ഷൊർണൂർ നഗരസഭ എന്നിവിടങ്ങളിലെ  ഓരോ വാർഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. പല്ലശനയിലെ മഠത്തിൽകളം ആറാം വാർഡ്‌, തെങ്കരയിലെ മണലടി 12 –-ാം വാർഡ്‌ എന്നിവയാണ്‌ എല്‍ഡിഎഫ്  പിടിച്ചെടുത്തത്‌.  നെല്ലിയാമ്പതി പുലയമ്പാറ ഒന്നാം വാർഡ്‌, പുക്കോട്ടുകാവ്‌ 12 –-ാം വാർഡ്‌, മുന്നൂർക്കോട്‌ നോർത്ത്‌ എന്നിവ എൽഡിഎഫ്‌ നിലനിർത്തി. പാലക്കാട്‌ നഗരസഭയിലെ നരികുത്തി 17 –-ാം വാർഡ്‌ ലീഗും ഷൊർണൂർ നഗരസഭയിലെ ടൗൺ വാർഡ്‌ കോൺഗ്രസും നിലനിർത്തി. പല്ലശനയിൽ യുഡിഎഫ്‌ വാർഡും തെങ്കരയിൽ സ്വതന്ത്രൻ വിജയിച്ച വാർഡുമാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. തെങ്കരയിൽ എൽഡിഎഫ്‌ വിജയിച്ചതോടെ യുഡിഎഫ്‌ ഭരണസമിതിക്ക്‌ ഭൂരിപക്ഷം നഷ്ടമായി. എൽഡിഎഫ്‌ അംഗബലം എട്ടിൽനിന്ന്‌ ഒമ്പതായി. യുഡിഎഫ്‌–- ഏഴ്‌, ബിജെപി ഒന്ന്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. പൂക്കോട്ടുകാവ്‌ പഞ്ചായത്തിൽ യുഡിഎഫ്‌–- ബിജെപി സംയുക്ത സ്ഥാനാർഥിയെ നിർത്തിയിട്ടും എൽഡിഎഫിനെ പരാജയപ്പെടുത്താനായില്ല. 
പല്ലശന മഠത്തിൽക്കളം വാർഡ്‌ എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എമ്മിലെ  കെ കെ യശോദ 54 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത്‌. 794  പേർ വോട്ട്  ചെയ്തതിൽ എൽഡിഎഫിന് 389 ഉം യുഡിഎഫിന് 335 ഉം ബിജെപിക്ക് 70 വോട്ടും ലഭിച്ചു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച 370 വോട്ട് 389 ആയി ഉയർന്നു.  യുഡിഎഫിന്റേത്‌ 402 ൽ നിന്ന് 335 ആയി കുറഞ്ഞു.  
നെല്ലിയാമ്പതി ഒന്നാം വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫിന്‌  48 വോട്ട്‌ അധികം ലഭിച്ചു. പോൾ ചെയ്‌ത 247  വോട്ടിൽ സിപിഐ എമ്മിലെ വി മീനയ്‌ക്ക് 173 ഉം യു ഡിഎഫിലെ കെ കെ ദൈവാനയ്‌ക്ക്‌ 74 വോട്ടുമാണ്‌ ലഭിച്ചത്‌.  കഴിഞ്ഞ തവണ യുഡിഎഫിന്‌ 125 വോട്ട് ലഭിച്ചിരുന്നു.  പൂക്കോട്ടുകാവ്‌ പഞ്ചായത്തിൽ പോൾചെയ്‌ത 736 വോട്ടിൽ എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എമ്മിലെ രതിമോൾക്ക്‌ 385 വോട്ടും യുഡിഎഫ്‌–- ബിജെപി സ്വതന്ത്ര സ്ഥാനാർഥി പി പി മാലതിക്ക്‌ 351 വോട്ടുമാണ്‌ ലഭിച്ചത്‌. ഭൂരിപക്ഷം 34.  തെങ്കരയിൽ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി സി എസ്‌ ഷനൂബ്‌ 270 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. പോൾചെയ്‌ത 1026 വോട്ടിൽ 640 വോട്ട്‌ ഷനൂബ്‌ നേടി. യുഡിഎഫ് സ്ഥാനാർഥി അബ്ദുൽറഷീദ് 370 വോട്ട്‌ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി കെ പി ഉണ്ണികൃഷ്ണന്‌ ലഭിച്ചത്‌ എട്ട്‌ വോട്ടുമാത്രം.   കഴിഞ്ഞതവണ സ്വതന്ത്രനായി വിജയിച്ച സിഎച്ച്‌ മുഹമ്മദിന്റെ മകനാണ്‌ ഷനൂബ്‌. 
പാലക്കാട്‌ നഗരസഭ നരികുത്തി വാർഡിൽ പോൾചെയ്‌ത 1743 വോട്ടിൽ യുഡിഎഫ്‌ സ്ഥാനാർഥി ലീഗിലെ റിസ്വാന 87 വോട്ടിനാണ്‌ വിജയിച്ചത്‌. റിസ്വാനയ്‌ക്ക്‌ 880 വോട്ടും എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി എം വഹീദയ്‌ക്ക്‌ 793 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായ എച്ച്‌ റസിയാബി –-66, എം എസ്‌ ജസീന –- നാല്‌ എന്നിങ്ങനെയാണ്‌ വോട്ടിങ്‌ നില. ഷൊർണൂർ നഗരസഭ ടൗൺ വാർഡിൽ  യുഡിഎഫിലെ പി ആർ പ്രവീൺ   392 വോട്ടിനാണ്‌ വിജയിച്ചത്‌. പ്രവീണിന്‌ 475 വോട്ടും എൽഡിഎഫിലെ സി രാധാകൃഷ്‌ണന്‌ 83 വോട്ടും   ബിജെപിയിലെ എം പി സതീഷ്‌കുമാറിന്‌  79 വോട്ടുമാണ്‌ ലഭിച്ചത്‌.
പ്രധാന വാർത്തകൾ
 Top