പാലക്കാട്
കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് അടിയന്തരമായി സംസ്ഥാന സർക്കാരിന് കൈമാറണമെന്നാവശ്യപ്പെട്ട് സിഐടിയു സമരപ്രഖ്യാപന കൺവൻഷൻ നടത്തും. ഇൻസ്ട്രുമെന്റേഷനുമുന്നിൽ ബുധൻ വൈകിട്ട് നാലിന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനവും കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായാണ് കൺവൻഷനെന്ന് സിഐടിയു നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇൻസ്ട്രുമെന്റേഷൻ കൈമാറ്റത്തിനെതിരെ പരാതിയുമായി നീങ്ങിയത് ബിഎംഎസ് യൂണിയനാണ്. ഇൻസ്ട്രുമെന്റേഷൻ സ്ഥാപിക്കാൻ ഭൂമി സൗജന്യമായി നൽകിയത് സംസ്ഥാന സർക്കാരാണ്. ആ ഭൂമിക്ക് വില വേണമെന്ന വിചിത്രവാദമാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്നത്. ഇത് കൈമാറ്റം തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. നഷ്ടത്തിന്റെ പേരിൽ ഇൻസ്ട്രുമെന്റേഷന്റെ രാജസ്ഥാനിലെ മാതൃയൂണിറ്റ് പൂട്ടി. ലാഭത്തിൽ പ്രവർത്തിക്കുന്ന കഞ്ചിക്കോട് യൂണിറ്റും പൂട്ടുമെന്നും മറ്റ് മാർഗമില്ലെന്നും കേന്ദ്രസർക്കാർ നിലപാട് എടുത്തപ്പോഴാണ് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കാൻ മുന്നോട്ടുവന്നത്. എന്നാൽ ഇതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത് അനുവദിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, പ്രസിഡന്റ് പി കെ ശശി, സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..