09 August Tuesday
ഇൻസ്‌ട്രുമെന്റേഷൻ കൈമാറ്റം

ധാരണാപത്രം ഒപ്പിട്ട്‌ 6 വർഷം; 
അട്ടിമറിക്കാൻ ബിഎംഎസ്‌

സ്വന്തം ലേഖികUpdated: Tuesday Jul 5, 2022
പാലക്കാട്‌
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്‌  ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്‌ സംസ്ഥാനത്തിന്‌ കൈമാറാനുള്ള ധാരണാപത്രം ഒപ്പിട്ട്‌ ആറുവർഷം പിന്നിട്ടു. കൈമാറ്റനീക്കം ആർ എസ്‌ എസ്‌ തൊഴിലാളി സംഘടനയായ ബിഎംഎസ്‌ ,കേന്ദ്രഭരണത്തിൽ സ്വാധീനം ചെലുത്തി അട്ടിമറിക്കുന്നത്‌. 2018 നവംബർ 16നാണ്‌ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാനത്തിന്‌ കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത്.
മൂന്നുവർഷത്തിലധികം നീണ്ട നടപടി പൂർത്തിയാക്കി 63 കോടി രൂപ നൽകി ഏറ്റെടുക്കാനാണ്‌  ധാരണ. എന്നാൽ ഇത്‌ അട്ടിമറിക്കാൻ ബിഎംഎസ്‌ ശ്രമിച്ചു. ഒടുവിൽ ഇൻസ്‌ട്രുമെന്റേഷൻ സ്ഥാപിക്കുമ്പോൾ സംസ്ഥാനം സൗജന്യമായി നൽകിയ ഭൂമിക്ക്‌ വില കണക്കാക്കണമെന്നായി ആവശ്യം. ഇതോടെ  കൈമാറ്റനടപടി മരവിച്ചു. 
ഇൻസ്‌ട്രുമെന്റേഷന്റെ മാതൃസ്ഥാപനമായ രാജസ്ഥാനിലെ കോട്ട യൂണിറ്റ്  2017 ഏപ്രിൽ 18ന്‌ നഷ്ടത്തിന്റെ പേരിൽ പൂട്ടി. ലാഭത്തിലായിട്ടും കഞ്ചിക്കോട്‌ യൂണിറ്റും പൂട്ടാൻ തീരുമാനിച്ചു. എന്നാൽ  വിലകൊടുത്തുവാങ്ങിയും സ്ഥാപനം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടെത്തി. ഊർജമേഖലയ്‌ക്കുള്ള കൺട്രോൾ വാൽവ്‌  ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാസ്ഥാപനമാണിത്‌.
1964ലാണ്‌ 564 ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്ത്‌ സൗജന്യമായി കേന്ദ്രത്തിന് നൽകിയത്‌. പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ്‌ 1974ൽ ഇൻസ്ട്രുമെന്റേഷൻ ആരംഭിച്ചത്. 
നിലവിൽ 122 ഏക്കർ സ്ഥലമാണ്  ഇൻസ്ട്രുമെന്റേഷനുള്ളത്. ബാക്കി ഭൂമി കേന്ദ്രീയവിദ്യാലയം, എഫ്‌സിആർഐ, കോച്ച്‌ ഫാക്ടറി എന്നിവയ്‌ക്കും പഞ്ചായത്ത് കല്യാണ മണ്ഡപത്തിനും നൽകി. 56,000കോടി രൂപ ആസ്തിയുള്ള ബെമൽ തുച്ഛവിലയ്ക്ക് സ്വകാര്യ കോർപറേറ്റുകൾക്ക് വിൽക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരാണ് സംസ്ഥാനം സൗജന്യമായി നൽകിയ ഭൂമിക്ക് അന്യായവില ആവശ്യപ്പെട്ട് കൈമാറ്റം അട്ടിമറിക്കുന്നത്.
രാജസ്ഥാനിലെ കോട്ട യൂണിറ്റിന്റെ നഷ്ടത്തിന്റെ പേരിൽ ലാഭത്തിലുള്ള കഞ്ചിക്കോട്ടെ യൂണിറ്റിലെ  ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു. 1997ലെ ശമ്പളവും ആനുകൂല്യങ്ങളുമാണ്‌ സ്ഥിരംജീവനക്കാർക്കും കരാർതൊഴിലാളികൾക്കും ഇപ്പോഴും ലഭിക്കുന്നത്. 80 സ്ഥിരം തൊഴിലാളികളും 164 കരാർതൊഴിലാളികളുമാണുള്ളത്‌. 
20വർഷത്തിലേറെയായി ജോലി ചെയ്യുന്ന കരാർതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിലാണ്‌ സ്ഥാപനകൈമാറ്റം നടപ്പാക്കണമെന്നും തൊഴിലാളികൾക്ക്‌ ആനുകൂല്യം നൽകണമെന്നും ആവശ്യപ്പെട്ട്‌ സിഐടിയു പ്രക്ഷോഭം ആരംഭിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top