13 August Saturday
തോക്കിടപാടിൽ പറ്റിച്ചതിന്റെ വൈരാഗ്യം

യുവാവിനെ കൊലപ്പെടുത്തിയ 
സംഭവത്തിൽ 3 പ്രതികൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
അഗളി
ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർകൂടി പിടിയിലായി. രണ്ടാംപ്രതി ദോണിഗുണ്ട് അഖിൽ(24), മൂന്നാംപ്രതി മേലെ കണ്ടിയൂർ ജോമോൻ(22), ഒമ്പതാംപ്രതി താവളം അനന്തു(19)എന്നിവരെയാണ്‌ പൊലീസ് പിടികൂടിയത്‌.  ഇതോടെ സംഭവത്തിൽ ഒമ്പതുപേർ പിടിയിലായി.   ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് ഡിവൈഎസ്‌പി എൻ മുരളീധരൻ പറഞ്ഞു. കൊടുങ്ങല്ലൂർ അഞ്ചങ്ങാടി താന്നിക്കൽ ബസാർ പീടികപ്പറമ്പിൽ ബാബുവിന്റെ മകൻ  നന്ദകിഷോർ(22)ആണ്‌ നരസിമുക്കിലെ  ഫാം ഹൗസിൽ കൊല്ലപ്പെട്ടത്‌. 
അഗളി പഞ്ചായത്തിലെ ഭൂതിവഴി ബിജെപി പഞ്ചായത്ത്‌ അംഗം മിനി ജി കുറുപ്പിന്റെ മകൻ വിപിൻപ്രസാദിന് തോക്ക് വാങ്ങിനൽകാമെന്നേറ്റ് ഒരുലക്ഷംരൂപ, മരിച്ച നന്ദകിഷോറിന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി വിനയൻ തട്ടിയെടുത്ത സംഭവത്തിലെ പകപോക്കലാണ് കൊലപാതകത്തിൽ കലാശിച്ചത്.  
ഭൂതിവഴിയിൽ വിപിൻപ്രസാദിന്റെ കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനായ ഋഷിനന്ദന്റെ സഹോദരനാണ് മരിച്ച നന്ദകിഷോർ. ഇവർക്കൊപ്പം ക്ഷേത്രംജോലികളിൽ സഹായിയായി എത്തിയതാണ് വിനയൻ. പണം വാങ്ങി കബളിപ്പിച്ച സംഭവത്തിൽ രണ്ടുദിവസംമുമ്പ്‌  കാണാതായ വിനയനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് നന്ദകിഷോർ അഗളിക്കടുത്ത് നരസിമുക്ക് ഇരട്ടക്കുളത്തെ സ്വകാര്യ ഫാം ഹൗസിൽ എത്തിയത്.
 ലഹരിയിലായിരുന്ന പ്രതികളുടെ മർദനത്തിൽ നന്ദകിഷോർ മരിക്കുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്‌. മർദനമേറ്റ് ഗുരുതരാവസ്ഥയിലായ വിനയൻ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. 
ഭൂതിവഴിയിലെ വിപിൻപ്രസാദ് (24), പ്രവീൺ(മാരി–- - 23), രജീവ്(22), ചെർപ്പുളശേരി നാഫി(24), ഒറ്റപ്പാലം അഷറഫ്(33), സുനിൽകുമാർ(24)എന്നിവരെ  വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിഐ അരുൺ പ്രസാദ്, എസ്ഐ ജോസഫ്, എസ്‌പിസിഒ ശ്യാം എന്നിവരടങ്ങിയ  പൊലീസ്‌ സംഘമാണ് പ്രതികളെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top