14 May Friday

കടുത്ത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ലോക്ഡൗൺ സമാന നിയന്ത്രണത്തിന്റെ ഭാഗമായി പാലക്കാട് മലമ്പുഴ മന്തക്കാട്ട് പൊലീസ് പരിശോധിക്കുന്നു

പാലക്കാട്
കോവിഡ് രണ്ടാംതരംഗത്തെ അതിജീവിക്കാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണം ജില്ലയിൽ ലോക് ഡൗണിന് സമാനം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമാണ്‌ തുറക്കാൻ അനുമതി ലഭിച്ചത്‌. കമ്പോളങ്ങളിലും പൊതുസ്ഥലങ്ങളിലും പൊലീസ്‌ പരിശോധന കൾശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കർശന മുന്നറിയിപ്പ്‌ നൽകി മടക്കി അയച്ചു.
സർക്കാർ ഓഫീസിലും സ്വകാര്യസ്ഥാപനങ്ങളിലും 25ശതമാനംമാത്രം ഹാജർ മതിയെന്ന നിബന്ധന നടപ്പാക്കിത്തുടങ്ങി. ഐഡന്റിന്റി കാർഡ്‌ കണ്ട്‌ ബോധ്യപ്പെടുന്നവർക്കുമാത്രമാണ്‌ യാത്രാനുമതി നൽകിയത്‌. ബാങ്കുകൾ പകൽ രണ്ടിന്‌ പ്രവർത്തനം അവസാനിപ്പിച്ചു.
ഓക്‌സിജൻ നീക്കം,  മരുന്ന്‌ കൊണ്ടുപോകൽ, കോവിഡുമായി ബന്ധപ്പെട്ട മറ്റ്‌ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കൊന്നും നിയന്ത്രണം ബാധകമല്ല. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പൊലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ട്‌. ശനി, ഞായർ ദിവസങ്ങളിൽ ഉള്ളതിന്‌ സമാന നിയന്ത്രണമാണ്‌ ചൊവ്വാഴ്‌ച ഏർപ്പെടുത്തിയത്‌.  
 കെഎസ്‌ആർടിസി മുപ്പതോളം സർവീസ്‌ മാത്രമാണ്‌ നടത്തിയത്‌. പത്തുശതമാനം സ്വകാര്യബസുകൾ രാവിലെ നിരത്തിൽ ഇറങ്ങിയെങ്കിലും ഉച്ചയോടെ മിക്കവയും നിർത്തി. ഓഫീസിലെയും വിവിധ സ്ഥാപനങ്ങളിലെയും ഹാജർനില കുറച്ചതോടെ ബസിൽ യാത്രക്കാരില്ല. വരുംദിവസങ്ങളിൽ സ്വകാര്യബസുകൾ പൂർണമായും ഓട്ടം നിർത്തിയേക്കും.  
അവശ്യസാധനങ്ങൾ, പച്ചക്കറി, പാൽ, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ പ്രവർത്തിച്ചു. ഹോട്ടലുകളിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നതിന്‌ കർശന നിയന്ത്രണമുണ്ട്‌. പാഴ്‌സൽ സർവീസ്‌ നടത്താൻ അനുമതിയുണ്ട്‌. വിവാഹം, ഗൃഹപ്രവേശം, മരണാനന്തരച്ചടങ്ങുകൾ എന്നിവ തടസ്സമില്ലാതെ നടന്നു. കോവിഡ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്കുമാത്രമാണ്‌ അനുമതി ലഭിച്ചത്‌.  ഈ മാസം നടത്താനിരുന്ന എൽഎസ്‌എസ്‌, യുഎസ്‌എസ്‌, പത്താംതരം തുല്യതാപരീക്ഷകളൊക്കെ മാറ്റി. വാക്‌സിനേഷൻ ക്യാമ്പിനും കോവിഡ്‌ പരിശോധനയ്‌ക്കും തടസ്സമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top