13 May Thursday

2016 നേക്കാൾ മികച്ച വിജയമുണ്ടാകും: 
സി കെ രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫ്‌ ഇത്തവണ മികച്ച വിജയം നേടുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ. സർക്കാരിന്റെ വികസന –- ക്ഷേമ പ്രവർത്തനങ്ങൾ, അഴിമതിരഹിത ഭരണം, കാർഷിക മേഖലയിലെ ഇടപെടൽ, സാമൂഹ്യ ക്ഷേമ പെൻഷൻ, ആരോഗ്യ–- വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എന്നിവ ഓരോ വീട്ടിലും ചർച്ച ചെയ്യുന്നു. പിണറായി സർക്കാർ തുടരണമെന്ന്‌ ജനങ്ങളും വിലയിരുത്തുന്നു. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതിരുന്ന കേരള കോൺഗ്രസ്‌ മാണി, ലോക്‌താന്ത്രിക്‌ ജനതാദൾ എന്നീ കക്ഷികൾ എൽഡിഎഫിലേക്ക്‌ വന്നത്‌ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തി. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക്‌ എൽഡിഎഫിലേ സംരക്ഷണം ലഭിക്കൂ എന്ന്‌ തിരിച്ചറിഞ്ഞവർ അനുകൂലമായി ചിന്തിക്കും. യുഡിഎഫിന്റെ തീവ്രവാദ –- അവസരവാദ കൂട്ടുകെട്ട്‌ തുറന്നുകാട്ടപ്പെടുകയാണ്‌. 
ചില മണ്ഡലങ്ങളിൽ വോട്ട്‌ കച്ചവടത്തിന്‌ പ്രകടമായി തീരുമാനമെടുത്തു. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നതയും യുവത്വവും ജനങ്ങളിൽ സ്വീകാര്യതയുണ്ടാക്കി. 
തുടക്കംമുതൽ ഐക്യത്തോടും ചിട്ടയോടുമുള്ള പ്രവർത്തനവും ബൂത്ത്‌ തലംമുതൽ മണ്ഡലംവരെയുള്ള ഏകോപനവും എൽഡിഎഫിന്റെ മറ്റൊരു അനുകൂല ഘടകമാണ്‌. 
യുഡിഎഫിലും കോൺഗ്രസിലും അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്‌. ഏറ്റവും പ്രകടമായ ഉദാഹരണമാണ്‌ ദീർഘകാലം കെപിസിസി എക്‌സിക്യുട്ടീവ്‌ അംഗവും യുഡിഎഫ്‌ മുൻ ജില്ലാ ചെയർമാനുമായ എ രാമസ്വാമി കോൺഗ്രസ്‌ വിട്ട്‌ എൽഡിഎഫിലെത്തിയത്‌. അദ്ദേഹത്തെ അനുകൂലിക്കുന്ന വലിയ വിഭാഗം കോൺഗ്രസിലും ഐഎൻടിയുസിയിലുമുണ്ട്‌. അവർ എൽഡിഎഫിന്‌ അനുകൂലമായി നിൽക്കും. 
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും പ്രതികൂല സാഹചര്യത്തിലും പതറാതെ ജനങ്ങളെ ചേർത്തുപിടിച്ച്‌ സംരക്ഷിക്കുകയും ചെയ്‌ത എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കാൻ എല്ലാ ജനാധിപത്യ –-മതനിരപേക്ഷ വിശ്വാസികളും രംഗത്തിറങ്ങുമെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top