15 May Saturday

സുരക്ഷയ്ക്ക് 
5953 ഉദ്യോ​ഗസ്ഥര്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഹേമാംബികാ നഗർ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ റൂട്ട് മാർച്ച്

 പാലക്കാട്

നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാൻ സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയും രംഗത്ത്‌. ജില്ലയിലെ 3,425 ബൂത്തുകൾക്ക് പുറമെ അതിർത്തികളിലും പൊതുസ്ഥലങ്ങളിലുമായി  5953 ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. സംസ്ഥാന പൊലീസിന്റെ 20 ഡിവൈഎസ്‌പി, 56 സിഐ, 137 എസ്ഐ, 2668 സിവിൽ പൊലീസ് ഓഫീസർമാർ എന്നിങ്ങനെ 2881 സേനാംഗങ്ങൾക്ക് പുറമെ കേന്ദ്ര സംസ്ഥാന പ്രതിരോധ സേനകളിൽനിന്ന് വിരമിച്ചവർ, എൻസിസി ഉൾപ്പെടെ 2280 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും 792 കേന്ദ്രസേനാംഗങ്ങളുമാണ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുക. 
പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുമാണുള്ളത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളിൽ അർധസൈനിക വിഭാഗം സുരക്ഷയൊരുക്കും. 11 കമ്പനി കേന്ദ്രസേനയാണ് ജില്ലയിലുള്ളത്. 
രണ്ട് കമ്പനി സശസ്ത്ര സീമാബെൽ, അഞ്ച് കമ്പനി ബിഎസ്‌എഫ്‌, നാല് കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് ആർപിഎഫ് ഉൾപ്പെടെ 792 ഉദ്യോഗസ്ഥർ പ്രശ്‌നബാധിത പ്രദേശങ്ങളിലുണ്ടാകും. ഒരു സ്‌കൂളിൽ ഒരു പോളിങ് ബൂത്ത് മാത്രമാണെങ്കില്‍ ഒരു പൊലീസ് ഓഫീസർ ഡ്യൂട്ടിയിലുണ്ടാകും. 
രണ്ടു ബൂത്തുകളുണ്ടെങ്കിൽ ഒരു പൊലീസ് ഓഫീസറും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറും സുരക്ഷയൊരുക്കും. ബൂത്തുകളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
 പ്രശ്നബാധിത ബൂത്തുകളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ആയിരിക്കും വോട്ടെടുപ്പ്. ജില്ലയിലെ 12 മണ്ഡലങ്ങളിലായി 1,490 ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് സൗകര്യമുണ്ടാകും. ബൂത്തുകളിലെ വെബ്കാസ്റ്റിങ് നിരീക്ഷിക്കാൻ കലക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇവിടെ അറുപതിലേറെ ഉദ്യോഗസ്ഥരുണ്ടാകും. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത ബൂത്തുകളിൽ സിസിടിവി സൗകര്യമൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top