15 May Saturday

നാടൊരുങ്ങി 
പുതുചരിത്രത്തിന്

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

 സ്വന്തം ലേഖകൻ

പാലക്കാട്‌
വർധിച്ച ആത്മവിശ്വാസവും കരുത്തുമായാണ്‌ എൽഡിഎഫ്‌ ഇത്തവണ വോട്ടെടുപ്പിന്‌ സജ്ജമായിരിക്കുന്നത്‌. ജനക്ഷേമ പ്രവർത്തനങ്ങളും പ്രതിസന്ധികളിൽ പതറാതെ ജനങ്ങളെ ചേർത്തുപിടിക്കുകയും ചെയ്‌ത പിണറായി സർക്കാരിനുള്ള പിന്തുണ ചൊവ്വാഴ്‌ച പ്രതിഫലിക്കും. ചിട്ടയായ പ്രവർത്തനവും ഏകോപനവും പ്രചാരണത്തിലും എൽഡിഎഫിന്‌‌ മേൽക്കൈ നൽകി. പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ ഗൃഹസന്ദർശനവും റോഡ്‌ ഷോയുമായാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ കളംനിറഞ്ഞത്‌.  
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്‌ത എൽഡിഎഫ്‌ മറ്റ്‌ മുന്നണികളെ ബഹുദൂരം പിന്നിലാക്കി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുപുറമെ കൂടുതൽ കക്ഷികൾ എൽഡിഎഫിലെത്തിയതും മുന്നണിയുടെ കരുത്തും ആവേശവും വർധിപ്പിച്ചു. കേരള കോൺഗ്രസ്‌ എം, ലോക്‌താന്ത്രിക്‌ ജനതാദൾ എന്നിവ ഇത്തവണ എൽഡിഎഫിനൊപ്പമാണ്‌. ഇതുകൂടാതെ കോൺഗ്രസ്‌, ബിജെപി എന്നിവയിൽനിന്ന്‌ വൻതോതിൽ പ്രവർത്തകർ എൽഡിഎഫിലെത്തി. വർഗീയ ശക്തികളുമായുള്ള കൂട്ടുകെട്ടിലും ബിജെപിയോടുള്ള മൃദുസമീപനത്തിലും പ്രതിഷേധിച്ചാണ്‌ കോൺഗ്രസിൽനിന്ന്‌ പ്രവർത്തകർ എൽഡിഎഫിലെത്തിയതെങ്കിൽ ബിജെപിയുടെ തീവ്ര വർഗീയതയും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയത്തിലും പ്രതിഷേധിച്ചാണ്‌ ബിജെപി–-ആർഎസ്‌എസ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിലേക്ക്‌ ഒഴുകിയെത്തിയത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ സമയം‌ ഇരുപാർടികളിൽനിന്നും അയ്യായിരത്തോളം പേർ രാജിവച്ച്‌ സിപിഐ എമ്മിലേക്ക്‌ എത്തി. 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒമ്പതെണ്ണമാണ്‌ എൽഡിഎഫ്‌ നേടിയത്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നിലയിൽ 12ൽ നാലെണ്ണമായിരുന്നു ലീഡ്‌ കിട്ടിയത്‌. എന്നാൽ എല്ലാ തിരിച്ചടികളെയും അതിജീവിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിനായി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്‌ നിലയിൽ ആകെയുള്ള 12 മണ്ഡലങ്ങളിൽ പാലക്കാട്‌ ഒഴികെ 11 മണ്ഡലങ്ങളിലും എൽഡിഎഫ്‌ വൻ ഭൂരിപക്ഷം നേടി. പാലക്കാട്‌ നേരിയ ഭൂരിപക്ഷമാണ്‌ യുഡിഎഫിന്‌ കിട്ടിയത്‌. കാലങ്ങളായി കോൺഗ്രസ്‌ ഭരിച്ച ചിറ്റൂർ നഗരസഭ എൽഡിഎഫ്‌ പിടിച്ചെടുത്തു. യുഡിഎഫ്‌ സർക്കാർ അശാസ്‌ത്രീയ വാർഡ്‌ വിഭജനത്തിലൂടെ അവർക്ക്‌‌ അനുകൂലമാക്കി മാറ്റി ഭരണം പിടിച്ച പട്ടാമ്പി, ചെർപ്പുളശേരി നഗരസഭകൾ ഇത്തവണ അതേ വാർഡുകൾ നിലനിർത്തി എൽഡിഎഫ്‌ പിടിച്ചെടുത്തു. അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലാണ്‌ ‌എൽഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.  കഴിഞ്ഞതവണ നഷ്ടപ്പെട്ട മണ്ണാർക്കാട്‌, പാലക്കാട്‌, തൃത്താല മണ്ഡലങ്ങളും ഇത്തവണ എൽഡിഎഫ്‌ പിടിച്ചെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top