30 May Saturday

ഹോർട്ടികോർപ്പിന്റെ കരുതൽ: സംഭരിച്ചത്‌ 115 ടൺ പച്ചക്കറി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

 

പാലക്കാട്‌
വിയർപ്പൊഴുക്കി വിളയിച്ചെടുത്ത പച്ചക്കറി വിപണിയിലെത്തിക്കാനാവാതെ വലയുന്ന കർഷകർക്ക്‌ ആശ്വാസമായി ഹോർട്ടികോർപ്പിന്റെ ഇടപെടൽ. 
ലോക്ക്‌ഡൗൺ കാലത്ത്‌ ജില്ലയിലെ കർഷകരിൽനിന്ന്‌ ഹോർട്ടികോർപ്‌ സംഭരിച്ചത്‌ 115 ടൺ പച്ചക്കറിയും പത്ത്‌ ടൺ തേങ്ങയും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ്‌ കർഷകരിൽനിന്നും   ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്‌. 
പാലക്കാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും സംഭരിക്കുന്ന പച്ചക്കറിയും പഴവും സംസ്ഥാനത്തെ  വിവിധ  ഔട്ട്‌ലെറ്റുകളിൽ എത്തുന്നുണ്ട്‌. ജില്ലയിൽ ഹോർട്ടികോർപ്‌ നേരിട്ട്‌ നടത്തുന്ന നാല്‌ ഔട്ട്‌ലെറ്റിലും രണ്ട്‌ ഫ്രാഞ്ചൈസിയിലും രണ്ട്‌ മൊബൈൽ ഔട്ട്‌ലെറ്റിലും മിതമായ നിരക്കിൽ പച്ചക്കറി ലഭിക്കും. 
പച്ചക്കറി കർഷകർ സംഭരണത്തിനായി അതത്‌ കൃഷിഭവനുകളിലാണ്‌ ബന്ധപ്പെടേണ്ടത്‌. കൃഷി ഓഫീസർമാരുടെ നിർദേശാനുസരണമാണ്‌ ഹോർട്ടികോർപ്പിന്റെ സംഭരണം. അമ്പലപ്പാറ, ചെർപ്പുളശേരി, ഷൊർണൂർ, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, ചിറ്റൂർ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ പച്ചക്കറി സംഭരിച്ചു. 
അതത്‌ ദിവസത്തെ മാർക്കറ്റ്‌ അനുസരിച്ചാണ്‌ വില നിശ്‌ചയിക്കുക. വിപണി വിലയിൽനിന്ന്‌ പത്തു ശതമാനം കൂട്ടിയാണ്‌ കർഷകർക്ക്‌ നൽകുന്നതെന്ന്‌ ഹോർട്ടികോർപ്‌ ജില്ലാ മാനേജർ എസ്‌ അനസ്‌ പറഞ്ഞു. കൃഷി ഓഫീസുകൾ വഴിയാണ്‌ വില നൽകുന്നത്‌. തക്കാളി, വെണ്ട, പയർ, പച്ചമുളക്‌, വഴുതന തുടങ്ങി പതിനാല്‌ ഇനങ്ങളാണ്‌  സംഭരിക്കുന്നത്‌. ഉരുളക്കിഴങ്ങ്‌, ചെറിയ ഉള്ളി, സവാള എന്നിവ തമിഴ്‌നാട്ടിൽനിന്ന്‌  കൊണ്ടുവരുന്നു. 
വിഎഫ്‌പിസികെ വിപണികളിൽ നിന്നും പച്ചക്കറിയെടുക്കുന്നുണ്ട്‌. വെള്ളിയാഴ്‌ച മാത്രം മുതലമടയിൽനിന്ന്‌ ഏഴര ടൺ മാങ്ങയും 10 ടൺ തേങ്ങയും സംഭരിച്ചു. ജനപ്രതിനിധികളുടെയും കൃഷി ഓഫീസറുടെയും സാന്നിധ്യത്തിൽ ഹോർട്ടികോർപ് പ്രതിനിധികളും കർഷകരും ചേർന്നാണ്‌ മാങ്ങയുടെ വില നിശ്‌ചയിച്ചത്‌. വരും ദിവസങ്ങളിൽ കൂടുതൽ കർഷകരിലേക്ക്‌ ഹോർടികോർപ്‌ എത്തും.
പ്രധാന വാർത്തകൾ
 Top