16 August Sunday
നെല്ലിക്കയും കാന്താരി മുളകും ചേർത്ത സ്‌ക്വാഷാണ്‌ സ്‌പെഷ്യൽ ഐറ്റം

നാവിൽ സ്‌ക്വാഷ്‌ മേളം

എസ‌് സിരോഷUpdated: Wednesday Dec 4, 2019

സൂര്യ സ്ക്വാഷുമായി യമുനയും സിന്ധുവും

പാലക്കാട്‌
നെല്ലിക്കയുണ്ട്‌, ഓറഞ്ചുണ്ട്‌, പൈനാപ്പിളുണ്ട്‌, പേരയ്‌ക്കയുണ്ട്‌ കുടിച്ചോളൂ കുടിച്ചോളൂ.. എന്തുണ്ടെന്ന്‌ ചോദിച്ചാൽ "വിണ്ണെതാണ്ടി വരുവായ' സിനിമയിൽ തൃഷയുടെ അമ്മാവനായ കോട്ടയം പ്രദീപ് പറയുന്ന ഡയലോഗാണ്‌ ഉത്തരം. 
സ്‌ക്വാഷുകളുടെ രുചിയൂറും ലോകമാണ്‌ നല്ലേപ്പിള്ളി വാളറ സൂര്യ സ്‌ക്വാഷിൽ ഒരുക്കിയിരിക്കുന്നത്‌. സ്വാദുമുകുളങ്ങൾക്ക്‌ മറക്കാനാകാത്ത വ്യത്യസ്‌ത രുചികൾ തീർക്കുകയാണ്‌ കുടുംബശ്രീ അംഗങ്ങളായ സിന്ധുവും യമുനയും. നെല്ലിക്കയും കാന്താരി മുളകും ചേർത്ത സ്‌ക്വാഷ്‌ ഇവരുടെ സ്‌പെഷ്യൽ ഐറ്റമാണ്‌. 
ഷുഗർ ഫ്രീ ആയതിനാൽ ഡിമാൻഡ്‌ വേറെയും. 750 മില്ലിയുടെ സ്‌ക്വാഷിന്‌ 130 രൂപയാണ്‌ വില. പച്ചമാങ്ങയും നന്നാരിയും പഴുത്തമാങ്ങയുമൊക്കെ പലതരം രുചിഭേദങ്ങളിൽ ബോട്ടിലുകളിൽ നിറയുകയാണ്‌. ഇഞ്ചിയും നാരങ്ങയും ചേർന്നുള്ള സ്‌ക്വാഷ്‌ ഗ്യാസ്‌റ്റിക്‌ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക്‌ നല്ലതാണെന്ന്‌ സിന്ധു പറയുന്നു. 
പ്രാദേശിക മാർക്കറ്റുകളിലൊക്കെ സൂര്യ സ്‌ക്വാഷ്‌ എത്തിക്കഴിഞ്ഞു. ചക്ക സീസണായാൽ പിന്നെ ചക്ക സ്‌ക്വാഷും ചക്കജാമുമൊക്കെയുണ്ടാവും.  
മിക്‌സഡ്‌ ഫ്രൂട്ട്‌ ജാമും പ്രധാന വിഭവമാണ്‌. കീടനാശിനി തൊടാത്ത നാടൻ നെല്ലിക്കയും ചക്കയും മാങ്ങയുമൊക്കെയാണ്‌ ഉപയോഗിക്കുക. സീസണായാൽ നാട്ടിൽ നെല്ലിക്ക പറിക്കാനെത്തുന്നവരിൽ നിന്ന്‌ നേരിട്ട്‌ വാങ്ങും. 
പേരയ്‌ക്കയും മാങ്ങയുമൊക്കെ വീടകളിൽ നിന്നുതന്നെ.  2016 ഡിസംബറിൽ രണ്ടുപേരും ചേർന്ന്‌ സ്വയം മുതൽമുടക്കി തുടങ്ങിയ സ്ഥാപനം പച്ചപിടിച്ചു തുടങ്ങുന്നതേയുള്ളൂ. കുടുംബശ്രീ മേളകളാണ്‌ ഇവരുടെ പ്രധാന വിപണി. സരസ്‌ മേളകൾക്ക്‌ ഉൾപ്പെടെ പോകാറുണ്ട്‌. 
അതുകൊണ്ടുതന്നെ ഇപ്പോൾ ആവശ്യക്കാർ ഓർഡറുമായി സമീപിക്കുന്നുണ്ട്‌. സ്‌ക്വാഷിലും ജാമിലും ഒതുങ്ങുന്നില്ല ഇവരുടെ രുചിക്കൂട്ടുകൾ. ക്രിസ്‌മസ്‌ ആയാൽ പിന്നെ കേക്കാണ്‌ പ്രധാന ഐറ്റം. ക്യാരറ്റ്‌ കേക്കാണ്‌ ഇത്തവണത്തെ സ്‌പെഷ്യൽ. കഴിഞ്ഞ വർഷം ക്രിസ്‌മസിന്‌ 200 കിലോയോളം കേക്കിന്റെ ഓർഡർ സ്‌കൂളുകളിൽ നിന്നും കിട്ടിയിരുന്നു. 
ഇത്തവണയും കിട്ടുമെന്നാണ്‌ പ്രതീക്ഷ. സിന്ധുവും യമുനയും തന്നെയാണ്‌ ഉടമകളും ജോലിക്കാരുമെല്ലാം.  സാധനങ്ങൾ വാങ്ങുന്നതു മുതൽ നിർമാണവും പാക്കിങ്ങും ലേബൽ ഒട്ടിക്കലുമൊക്കെ ഇവർ തന്നെ. യമുനയുടെ വീടാണ്‌ ഇവരുടെ ഫാക്ടറി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top