24 October Thursday
മഴക്കെടുതി

അടിയന്തര ധനസഹായം ഏഴിനകം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
 
പാലക്കാട്‌
പ്രളയക്കെടുതി നേരിട്ടവർക്കുള്ള അടിയന്തരധനസഹായ തുക വിതരണം ജില്ലയിൽ ഏഴിനകം തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരും, ക്യാമ്പുകളിൽ എത്താത്തതും നാശനഷ്‌ടം സംഭവിച്ചവരുമായ 3175 പേർക്കാണ്‌ അടിയന്തര സഹായം. ഇതേവരെ അക്കൗണ്ട്‌ വിവരങ്ങൾ നൽകിയവർക്കാണ്‌ ആദ്യഘട്ടസഹായം. 1040 പേർക്ക്‌ സഹായം കൈമാറി. വീടുകളുടെ നാശം സംബന്ധിച്ച പഠനം നടത്താൻ നാലംഗ സംഘത്തെ ചുമതലപ്പെടുത്തി. 
വില്ലേജ്‌ ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി, ഡ്രാഫ്‌റ്റ്‌മാൻ, ഫോട്ടോഗ്രാഫർ എന്നിവരടങ്ങുന്ന സംഘം വീടുകളുടെ കേടുപാടുകൾ വിലയിരുത്തി റിപ്പോർട്ട്‌ നൽകും. ലാൻഡ്‌ റവന്യൂ കമീഷണറേറ്റിൽ നിന്ന്‌ നേരിട്ട്‌ ഇവരുടെ അക്കൗണ്ടിലേക്ക്‌ പണമെത്തും. ഈ ആഴ്‌ചയോടെ പട്ടികയനുസരിച്ച്‌ മുഴുവൻ ആളുകൾക്കും തുക വിതരണം ആരംഭിക്കും. 
വീട്‌ തകർന്നവർക്ക്‌ തകർച്ചയുടെ തോത്‌ അനുസരിച്ചാണ്‌ സഹായം. വീടുകൾക്ക്‌ 15 ശതമാനം  കേടുപാട്‌ സംഭവിച്ചവർക്ക്‌ 10,000 രൂപയും 25 ശതമാനം തകർന്നവർക്ക്‌ 50,000 രൂപ എന്നിങ്ങനെയാണ്‌ സഹായം. മഴക്കെടുതിയെ തുർന്ന്‌ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്‌ 3594 കുടുംബങ്ങളാണ്‌. 
പാലക്കാട് 734, ചിറ്റൂരില്‍ 34, ആലത്തൂര്‍ 688, ഒറ്റപ്പാലം 630, മണ്ണാര്‍ക്കാട് 725, പട്ടാമ്പിയില്‍ 783 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലെ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങളുടെ എണ്ണം. 
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍, 15 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച നേരിട്ട വീടുകളിലുള്ളവര്‍, അപകടം മുന്നില്‍ക്കണ്ട് ബന്ധുവീട്ടിലോ സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് മാറി താമസിച്ചവര്‍ ഉള്‍പ്പെട്ട കുടുംബങ്ങളാണ് ധനസഹായത്തിന് അര്‍ഹര്‍. 
ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.
പ്രധാന വാർത്തകൾ
 Top