15 May Saturday

കോൺഗ്രസ്‌ കൂടുതൽ ശിഥിലമാകും: 
എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
പാലക്കാട് 
ബിജെപി ഉയർത്തുന്ന ഫാസിസ്റ്റ് വർഗീയ പ്രത്യയശാസ്‌ത്രത്തെ ഇനിയെങ്കിലും കോൺഗ്രസ് എതിർത്തില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശിഥിലമാകുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. കുപ്പിവള പൊട്ടുന്നതുപോലെ പൊട്ടാനുള്ളതാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള കോൺഗ്രസ്. പി സി ചാക്കോ പോയി. ഇനി മുല്ലപ്പള്ളി രാമചന്ദ്രനും പോകും. കോൺഗ്രസ് അനാഥമാകും. 
സർക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്ത്‌ കലക്ടറേറ്റിൽനിന്ന്‌ മടങ്ങവേ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എ കെ ബാലൻ. 
കെ സുധാകരൻ വന്നിട്ടും വലിയ കാര്യമില്ല. പുകച്ചുചാടിക്കലാണ് ഇവരുടെ പരിപാടി. വി എം സുധീരനെ പുകച്ചുചാടിച്ചു. കോൺഗ്രസുകാർക്കുതന്നെ കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റുന്നില്ല. അന്ധമായ മാർക്സിസ്റ്റ് വിരോധം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് യുഡിഎഫും അവർക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസും ഇനിയെങ്കിലും മനസ്സിലാക്കണം. കോൺഗ്രസിന്റെ തകർച്ചയിൽ ശക്തിപ്പെടുന്നത് ബിജെപിയാണെന്ന് തിരിച്ചറിയാൻ തയ്യാറാകണം.
മലമ്പുഴയിലും ഷൊർണൂരിലും പാലക്കാട്ടും ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസിന്റെ തകർച്ച മുതലെടുത്താണ്. സിപിഐ എം ബിജെപിക്കെതിരെ ശക്തമായ നിലപാട്‌ എടുക്കുന്നതുപോലെ കോൺഗ്രസിന് നിലപാടെടുക്കാൻ കെൽപ്പുണ്ടാകില്ല. 
ഫാസിസത്തെ  രാഷ്ട്രീയമായി നേരിട്ടതാണ്‌ എൽഡിഎഫിന്റെ സ്വീകാര്യത വർധിച്ചത്‌. അതിന്‌ ശക്തമായി നേതൃത്വം നൽകാൻ പിണറായി വിജയനെപ്പോലുള്ള ഒരു നേതാവ്‌ എൽഡിഎഫിനുണ്ടായത്‌ ജനങ്ങളിൽ വലിയ ആത്മവിശ്വാസം വർധിപ്പിച്ചതായും എ കെ ബാലൻ പറഞ്ഞു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന സന്ദേശം ഒരിക്കലും ജി സുകുമാരൻ നായർ കൊടുക്കാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും അദ്ദേഹം  പൊതുസമൂഹത്തോട് ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top