15 May Saturday
കെപിസിസിക്കെതിരെ ഡിസിസി

വോട്ട്‌ കച്ചവടം വിനയായെന്ന്‌ നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
പാലക്കാട്‌
മലമ്പുഴ മണ്ഡലത്തിൽ ഉൾപ്പെടെ ബിജെപിയുമായി വോട്ട്‌ കച്ചവടം നടത്തുന്നുവെന്ന പ്രചാരണം പ്രതിരോധിക്കാൻ കഴിയാഞ്ഞത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്‌ പ്രധാന കാരണമായതായി ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ.  ഡിസിസിയെ മറികടന്ന് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനാർഥികളെ നേരിട്ട്‌ നിശ്‌ചയിച്ചതും അവസാന നിമിഷം വരെ ആശയക്കുഴപ്പം തുടർന്നതും  തെരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസിന് പ്രതികൂലമായതായി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സിപിഐ എമ്മിന്റെ സംഘടനാ സംവിധാനത്തെ മറികടന്നുള്ള പ്രചാരണം നടത്താൻ കഴിയാത്തതും യുഡിഎഫിന്റെ തകർച്ചയ്‌ക്ക്‌ ആക്കം കൂട്ടിയെന്നും മുതർന്ന നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ബിജെപിയുമായി പല മണ്ഡലങ്ങളിലും കോൺഗ്രസ്‌ വോട്ട്‌ കച്ചവടം നടത്തിയെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം  വ്യക്തമാകുന്നു. ഏഴ്‌ മണ്ഡലത്തിൽ കോൺഗ്രസ്‌ ബിജെപിക്കും അഞ്ച്‌ മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനും വോട്ട്‌ മറിച്ചതായി വോട്ട് ചോർച്ച പരിശോധിച്ചാൽ  മനസ്സിലാകും. ജില്ലയിൽ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല  ഡിസിസി നേതൃത്വം ഏറ്റെടുത്തില്ലെന്നും എല്ലാം സ്ഥാനാർഥിയുടെ തലയിൽെകെട്ടി രക്ഷപ്പെടുകയുമായിരുന്നു. 
നെന്മാറയിൽ വൻ തോതിൽ പണമൊഴുക്കി ബിജെപി വോട്ട്‌ യുഡിഎഫ്‌ സ്ഥാനാർഥി വാങ്ങിയെന്ന്‌ നേതാക്കൾതന്നെ സമ്മതിക്കുന്നു. ഏഴ്‌ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വോട്ട്‌ വാങ്ങാൻ ബിജെപിയും വൻതോതിൽ പണമൊഴുക്കി. തെരഞ്ഞെടുപ്പിന്‌ ശേഷം പണം തട്ടുന്നതിന്‌ വ്യാജ അപകടമുണ്ടാക്കാനുള്ള ശ്രമം ഡ്രൈവർ പരാജയപ്പെടുത്തിയത്‌ ബിജെപി നേതൃത്വത്തിന്റെ അറിവോടെയെന്നും വ്യക്തമായി. ഇക്കാര്യം പൊലീസിനും അറിയാമായിരുന്നു. 
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന്‌ വോട്ട്‌ കൂടിയപ്പോൾ,  പട്ടാമ്പി, ഷൊർണൂർ, കോങ്ങാട്‌, പാലക്കാട്, ചിറ്റൂർ  മണ്ഡലങ്ങളിൽ കോൺഗ്രസിന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌  വോട്ട്‌ കുറഞ്ഞു. ചിറ്റൂരിലാണ്‌ ഏറ്റവും കുറവുണ്ടായത്‌. 12,800 വോട്ട്‌. തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഡിസിസിക്ക്‌ ആയിരിക്കില്ലെന്ന്‌ ഡിസിസി പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ മുൻകൂർ ജാമ്യമെടുത്തിരുന്നു. മാത്രമല്ല, കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തു. ജില്ലാ നേതൃത്വത്തിനെതിരെ നിലപാടെടുത്ത എ വി ഗോപിനാഥിനെ പിണക്കിയതും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിരാകരിച്ചതും വലിയ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുമെന്ന ആശങ്കയിലാണ്‌ ജില്ലാ കോൺഗ്രസ്‌ നേതൃത്വം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top