13 May Thursday

‘എന്തിന് വേവലാതി, ഈ സർക്കാരുള്ളപ്പോൾ’

ശരത്‌ കൽപ്പാത്തിUpdated: Sunday Apr 4, 2021

ഖദീജ സഹകരണവകുപ്പ് നിർമിച്ചു നൽകിയ കൽപ്പാത്തി കുന്നുംപുറത്തെ വീട്ടിൽ

 
പാലക്കാട്
‘താമസിക്കാൻ വീട്. വിശപ്പകറ്റാൻ റേഷൻകടവഴി അരിയും പലവ്യജ്ഞനവും. നിത്യച്ചെലവിന്‌ ക്ഷേമപെൻഷൻ. അസുഖം വന്നാൽ സൗജന്യചികിത്സയ്‌ക്ക്‌ സർക്കാർ ആശുപത്രി. തനിക്ക്‌ സഹായത്തിന്‌ ആരുമില്ലെങ്കിലും എല്ലാത്തിനും കൂടെയുണ്ട്‌ സർക്കാർ എന്ന തോന്നൽ. എന്തിന് ഞാൻ മറ്റുള്ളവരെ ആശ്രയിക്കണം’–-പാലക്കാട്‌ കുന്നുംപുറത്തെ ഖദീജ പറയുന്നു. 63വയസ്സു കഴിഞ്ഞ ആരോരുമില്ലാത്ത ഖദീജയ്ക്ക് സർക്കാരാണ്‌ ഇപ്പോൾ തുണ. 
ആരുമില്ലാത്തവർക്കും സർക്കാർ തുണയുണ്ട്‌ എന്നതിന്റെ ഏറ്റവും മികച്ച അനുഭവസാക്ഷ്യമാണ്‌ ഖദീജ. ‘2018ലെ പ്രളയത്തിൽ നാളിതുവരെ സ്വരുക്കൂട്ടിയതെല്ലാം മണിക്കൂറുകൾക്കുള്ളിൽ കുത്തിയൊലിച്ചുവന്ന വെള്ളം കവർന്നു. എല്ലാ നഷ്ടപ്പെട്ടുവെന്ന്‌ കരുതി സങ്കടത്തോടെ ദുരിതാശ്വാസ ക്യാമ്പിൽ  കഴിയുമ്പോഴാണ്‌ കൈപിടിച്ചുയർത്താൻ സർക്കാർ എത്തിയത്‌. പ്രളയം വന്നതോടെ ദുരിതാശ്വാസക്യാമ്പിലായി. അവിടെനിന്ന്‌ തിരിച്ച്‌ വെള്ളം മുങ്ങിയ വീട്ടിലെത്തിയപ്പോൾ വീട്ടുപകരണങ്ങൾ വാങ്ങാനും പ്രാഥമിക ചെലവുകൾക്കുമായി 10,000രൂപ തന്നു. താമസയോഗ്യമല്ലാതായ വീടിനുപകരം അവിടെ ഉറപ്പുള്ള ടെറസ്‌ വീട്‌ നിർമിച്ചു. സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയിലാണ്‌ വീട്‌ നിർമിച്ചത്‌. 
നമ്മൾ ഒന്നും അറിഞ്ഞില്ല. എല്ലാം അവർതന്നെ ചെയ്‌തു. ഇടുങ്ങിയ വഴിയായതിനാൽ  ലോറികൾക്ക്‌ വരാൻ കഴിയുമായിരുന്നില്ല. കല്ലും മണ്ണും സഹകരണവകുപ്പ്‌ ജീവനക്കാർതന്നെ ചുമന്ന്‌‌ നിർമാണസ്ഥലത്ത്‌ എത്തിച്ചു‌. സന്നദ്ധസംഘടനകളും അയൽവാസികളും വീടുയരുന്നതുവരെ താമസിക്കാനും ജീവിക്കാനുമുള്ള സഹായമൊരുക്കിത്തന്നു. ഇപ്പോൾ സുരക്ഷിതമായ താമസം, കഴിഞ്ഞയാഴ്‌ച 3,100രൂപ ക്ഷേമപെൻഷനും ലഭിച്ചു. എനിക്കെന്തിന്‌ ഇനി വേവലാതി’.  ഖദീജ ആത്മാഭിമാനത്തോടെ ചോദിക്കുന്നു. 2018ൽ പാലക്കാട് നഗരത്തിന്റെ ഒരുഭാഗം പ്രളയജലത്തിൽ മുങ്ങിയിരുന്നു. കൽപ്പാത്തി, കുന്നുംപുറം, ശംഖുവാരത്തോട്, സുന്ദരംകോളനി, കുമാരസ്വാമികോളനി എന്നിവിടങ്ങളായിരുന്നു പ്രളയം ഏറ്റവുമധികം നാശം വിതച്ചത്‌. വിവിധ സ്‌കൂളുകളിലേക്ക്‌ നൂറുകണക്കിന് ആളുകളെയാണ് കഞ്ചിക്കോട്ടെ അപ്‌ന ഘറിൽ താമസിപ്പിച്ചത്. 
ഇവിടെനിന്ന് മാറുമ്പോൾ പുതിയ വീടായിരുന്നു എല്ലാവരുടെയും സ്വപ്നം. കുന്നുംപുറം, ശംഖുവാരത്തോട് പ്രദേശങ്ങളിൽ പതിനഞ്ചോളം വീടുകൾ കെയർഹോം പദ്ധതിയിൽ നിർമിച്ചുനൽകിയിട്ടുണ്ട്. മുഴുവൻ ആളുകൾക്കും സർക്കാരിന്റെ പ്രളയസഹായമായ 10,000രൂപയും ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top