13 May Thursday

ആരവത്തിമിർപ്പിൽ 
നെന്മാറ വല്ലങ്ങി വേല

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

നെന്മാറ---–വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന വല്ലങ്ങി ദേശത്തിന്റെ എഴുന്നള്ളത്ത്

കൊല്ലങ്കോട്  
നെന്മാറ വല്ലങ്ങി വേല ആചാര അനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ഇരു ദേശത്തിനും അഞ്ച് ആനകൾ വീതം അണിനിരന്നു. നെന്മാറ ദേശത്ത് ശനിയാഴ്ച പുലർച്ചെ വാൾകടയൽ ചടങ്ങോടെ ഉത്സവം തുടങ്ങി. ആറിന് വരിയോല വായിച്ചു. പകൽ 11ന് കോലം കയറ്റി പഞ്ചവാദ്യത്തോടെ പകൽവേല ആരംഭിച്ചു. വൈകിട്ട് 4.30ന് പാണ്ടിമേളം ഉണ്ടായി. 
വൈകിട്ട്‌ 6.30ന് പകൽ വെടിക്കെട്ട്‌, രാത്രി എട്ടിന് തായമ്പക, 10.30ന് രാത്രി വേല എഴുന്നള്ളത്ത് എന്നിവ നടന്നു. ഞായറാഴ്ച പുലർച്ചെ മൂന്നിന് വെടിക്കെട്ട്, 5.30ന് പാണ്ടിമേളം എന്നിവയുമുണ്ടായി. ഞായറാഴ്ച രാവിലെ തിരിച്ചെഴുന്നള്ളത്ത് ദേശത്തിലെത്തി കോലമിറക്കുന്നതോടെ നെന്മാറ ദേശത്തിന്റെ ആചാരച്ചടങ്ങുകൾ സമാപിക്കും.
വല്ലങ്ങി ദേശത്ത് ശനിയാഴ്ച പുലർച്ചെ 5.30ന് തിടമ്പ്‌ പൂജയോടെ ചടങ്ങുകൾ തുടങ്ങി. രാവിലെ 9.30ന് ഈടുവെടി, പകൽ 11ന് കേളി കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവ നടന്നു. 11.30ന് കോലം കയറ്റിയതോടെ പകൽ എഴുന്നള്ളത്ത് തുടങ്ങി. വൈകിട്ട് പാണ്ടിമേളം പൂർത്തിയാക്കി 4.50ന് എഴുന്നള്ളത്ത് കാവുകയറി. 6.30ന് വെടിക്കെട്ട്‌ ആരംഭിച്ചു. രാത്രി 8.30ന് തായമ്പക, 10.30ന് കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്‌ക്കുശേഷം 11ന് രാത്രി കോലംകയറ്റി പഞ്ചവാദ്യത്തോടെ എഴുന്നള്ളത്തുമുണ്ടായി. ഞായറാഴ്ച 7.30ന് കാവിറങ്ങി ദേശത്ത് തിരിച്ചെത്തി കോലം ഇറക്കുന്നതോടെ വല്ലങ്ങി ദേശത്തെ ചടങ്ങുകളും സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top