15 May Saturday
- മൂന്നും തിരിച്ചുപിടിക്കും

സമ്പൂർണ വിജയത്തിന്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

 പാലക്കാട്‌

മൂന്നു മണ്ഡലം തിരിച്ചുപിടിച്ച്‌ ജില്ലയിൽ സമ്പൂർണ ആധിപത്യത്തിന്‌ എൽഡിഎഫ്‌ കച്ചമുറുക്കി. നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലയുടെ ഇടതുപക്ഷ പാരമ്പര്യവും പോരാട്ടകരുത്തും സംഘടനാശേഷിയും ഇഴചേർത്തുള്ള പ്രചാരണത്തിൽ എൽഡിഎഫ്‌ ഏറെ മുന്നിലാണ്‌. തൃത്താല, മണ്ണാർക്കാട്‌, പാലക്കാട്‌ എന്നീ മണ്ഡലങ്ങൾ യുഡിഎഫിൽനിന്ന്‌ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനം ഫലംകാണുന്നുണ്ട്‌‌. പിണറായി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പ്രതിസന്ധിയിൽ താങ്ങായിനിന്നതും ഉയർത്തിക്കാട്ടിയാണ്‌ തുടർഭരണത്തിനായി എൽഡിഎഫ്‌ ജനങ്ങളെ സമീപിക്കുന്നത്‌. 
മണ്ണാർക്കാട്‌ മണ്ഡലത്തിൽ ഇത്തവണ പോരാട്ടം ശക്തമാണ്‌. രാഹുൽ ഗാന്ധിയുടെ പര്യടനത്തിന്‌ കൊടിതാഴ്‌ത്താൻ ആവശ്യപ്പെട്ടതിലുള്ള അമർഷം ലീഗ്‌ അണികളിലുണ്ട്‌. കൊടി വേണ്ട, വോട്ട്‌ വേണം അത്‌ അംഗീകരിക്കാൻ കഴിയില്ലെന്നാണ്‌ മുസ്ലിംലീഗിന്റെ മനോവികാരം. 
തൃത്താല മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസവും എൽഡിഎഫിന്റെ സാധ്യത വർധിപ്പിച്ചു. എം ബി രാജേഷ്‌ ജയിച്ചുകയറുമെന്നുതന്നെയാണ്‌ മണ്ഡലത്തിന്റെ പൊതുവികാരം. 
പാലക്കാട്‌ മണ്ഡലത്തിൽ യുഡിഎഫ്‌ ഏറെ വിയർക്കുന്നു‌. മുൻ ജില്ലാ ചെയർമാൻ എ രാമസ്വാമി പാർടി വിട്ട്‌ എൽഡിഎഫ്‌ വേദിയിലെത്തിയതാണ്‌ ഒടുവിൽ നേരിട്ട തിരിച്ചടി. കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ ഇടതുപക്ഷത്തൊടൊപ്പം എത്തുമെന്നതിനാൽ കോൺഗ്രസിന്‌ മത്സരം കടുപ്പമാണ്‌. പ്രചാരണത്തിൽ ബിജെപി ആദ്യം കാണിച്ച ആവേശം ഇപ്പോഴില്ല. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ എൽഡിഎഫ്‌–- യുഡിഎഫ്‌ വോട്ട്‌ വ്യത്യാസം 4,400ആണ്‌. ബിജെപി മൂന്നാംസ്ഥാനത്തും‌. പാലക്കാട്‌ നഗരസഭയിൽ മാത്രമാണ്‌ ബിജെപിക്ക്‌ മേൽക്കൈ‌. ഇത്തവണ സ്ഥിതി മാറുമെന്നാണ്‌ പ്രചാരണത്തിൽ എൽഡിഎഫിനുള്ള മേൽക്കൈ സൂചിപ്പിക്കുന്നത്‌. 
ഇതുകൂടാതെ കോൺഗ്രസ്‌–-ബിജെപി കൂട്ടുകെട്ടുകൊണ്ട്‌ മലമ്പുഴ മണ്ഡലവും ചർച്ചാവിഷയമാകുന്നു. ഇത്തവണയും കോൺഗ്രസ്‌ വോട്ട്‌ മലമ്പുഴയിൽ ബിജെപിക്ക്‌ ലഭിക്കും. പകരം പാലക്കാട് വോട്ട്‌ മറിക്കുമെന്നും സൂചനയുണ്ട്‌. ബിജെപി സ്ഥാനാർഥി സി കൃഷ്‌ണകുമാറിന്‌ കഴിഞ്ഞ തവണ ലഭിച്ച വോട്ട്‌ നിലനിർത്തേണ്ടത്‌ അദ്ദേഹത്തിന്റെ  രാഷ്ട്രീയഭാവിയുടെ പ്രശ്‌നംകൂടിയാണ്‌. അതിനാൽ വോട്ട്‌കച്ചവടം ഉറപ്പിച്ചതായും കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു. എന്നാൽ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ സ്വീകാര്യതയ്ക്കുമുന്നിൽ ഇതൊന്നും ഏൽക്കാത്ത അവസ്ഥയാണ്‌ എല്ലാ മണ്ഡലങ്ങളിലുമുള്ളത്‌. 
നെന്മാറ മണഡലം പേമെന്റ്‌ സീറ്റാണെന്ന്‌ ഡിസിസി യോഗത്തിൽ ജനറൽ സെക്രട്ടറി എ തങ്കപ്പൻ ആരോപിച്ചിരുന്നു. ഇതുപോലെ മറ്റ്‌ പല സീറ്റുകളും പണംവാങ്ങിയാണ്‌ നൽകിയതെന്ന ആരോപണവും ബലപ്പെടുന്നു. എഐസിസി നേതാവ്‌ അഞ്ചുകോടിരൂപയോളം വാങ്ങിയെന്നാണ്‌ ഡിസിസി യോഗത്തിൽ ഉയർന്ന ആരോപണം‌. ബിജെപിയുമായുള്ള വോട്ടുകച്ചവടവും ആത്മവിശ്വാസം തകർക്കുന്നതാണെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിൽ ചേരുന്നതിലും നേതാക്കൾ ആശങ്കാകുലരാണ്‌. സ്ഥാനാർഥി നിർണയം ഡിസിസിയെ അറിയിച്ചിരുന്നില്ലെന്ന്‌ പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ വ്യക്തമാക്കിയിരുന്നു. അതിനാൽ പരാജയത്തിന്റെ ഉത്തിരവാദിത്തം കെപിസിസി നേതൃത്വത്തിന്‌ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top